കാൺപൂര്‍: ഉത്തര്‍പ്രദേശിലെ കാൺപൂരിൽ 17കാരിയെ യുവാവ് വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറത്തു കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം, ഇയാൾ യുവതിയുടെ സുഹൃത്തിനെ വിളിച്ച് കുറ്റം സമ്മതിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
”ഞാൻ നിങ്ങളുടെ സുഹൃത്തിനെ കൊന്നു, അവൾക്ക് സുന്ദരിയാണെന്ന അഹങ്കാരമുണ്ടായിരുന്നു. അത് അവളുടെ അച്ഛനോടും പറയൂ” എന്നാണ് പ്രതി സുഹൃത്തിനെ ഫോണിൽ വിളിച്ചുപറഞ്ഞത്. കൊല്ലപ്പെട്ട യുവതി തിങ്കളാഴ്ച ഉച്ചക്ക് ശേഷം സുഹൃത്തിനൊപ്പം സമീപത്തുള്ള മാര്‍ക്കറ്റില്‍ പോയിരുന്നു. അവിടെ വെച്ച്, ബൈക്കിൽ വന്ന തന്‍റെ സുഹൃത്തിനെ അവൾ കണ്ടുമുട്ടി, അയാള്‍ പെൺകുട്ടിയെ വാടക വീട്ടിലേക്ക് ക്ഷണിക്കുകയും അയാൾക്കൊപ്പം പോവുകയും ചെയ്തു.
ഇതേസമയം യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം കാമുകി തന്നോട് വിശ്വാസ വഞ്ചന കാട്ടിയതായും കൊലപ്പെടുത്തിയതായും യുവാവ് ഫോണിൽ വിളിച്ചു പറഞ്ഞു. തുടർന്ന് സുഹൃത്ത് കൊലപാതകത്തെക്കുറിച്ച് യുവതിയുടെ പിതാവിനെ അറിയിച്ചു. പിതാവ് സംഭവ സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്.
കൊലപാതകം നടത്താൻ ഉപയോഗിച്ച കത്തി കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് എത്തിയപ്പോൾ, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകുന്നതിൽ കുടുംബാംഗങ്ങൾ ആദ്യം പ്രതിഷേധിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട സംഘർഷത്തിനൊടുവിൽ, പൊലീസ് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയായിരുന്നു. പ്രതിക്ക് വീട് വാടകയ്ക്ക് നൽകിയ വീട്ടുടമസ്ഥന് കുറ്റകൃത്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പിതാവ് ആജ് തക്കിനോട് പറഞ്ഞു.
”അയാൾ മുൻപും പെൺകുട്ടികളെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവരുമായിരുന്നു. വീട്ടുടമസ്ഥന് ഇതേക്കുറിച്ച് അറിയാമായിരുന്നു” മകൾക്ക് നീതി കിട്ടണമെന്ന് അയാൾ ആവശ്യപ്പെട്ടു. വീട്ടുടമസ്ഥന്‍റെ മകൻ സന്ദീപ് ശർമയും ഇതിനെ പിന്തുണച്ചു. പ്രതിയായ വാടകക്കാരൻ പെൺകുട്ടികളെ തന്റെ മുറിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് താൻ മുമ്പ് പലതവണ മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.