Monday, 28 April - 2025

കോട്ടക്കൽ മണ്ഡലം കെഎംസിസി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

റിയാദ്: കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മുസ്‌ലിം ലീഗ് സ്ഥാപക ദിനാചരണവും ഇഫ്താർ സംഗമവും നടത്തി. പരിപാടിയിൽ ജില്ല – സെൻട്രൽ കമ്മിറ്റി ഭാരവാഹികളും മണ്ഡലത്തിലെ നിരവധി കെഎംസിസി പ്രവർത്തകരും കുടുംബിനികളും കുട്ടികളും പങ്കെടുത്തു.

മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി റിയാദ് – മലപ്പുറം ജില്ല കെഎംസിസി പ്രസിഡൻ്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം വിദ്യാഭ്യാസ പ്രോൽസാഹന പ്രവർത്തനങ്ങളും കലാ കായിക പരിപാടികളും സംഘടിപ്പിച്ച് മുന്നേറുന്ന കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുസ്‌ലിം ലീഗ് സ്ഥാപക ദിനാചരണ പ്രഭാഷണം നടത്തി. ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്തോടൊപ്പം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ന്യൂന പക്ഷാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടം നടത്തുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗ് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ വിദ്യാഭ്യാസ, വ്യവസായമുൾപ്പെടെ വിവിധ മേഖലകളിൽ മുസ്‌ലിം ലീഗ് നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ശുഐബ് മന്നാനി വളാഞ്ചേരി റമദാൻ സന്ദേശം നൽകി. കുട്ടികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയവുകയും അക്രമങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ഏറെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസം നൽകുന്നതോടൊപ്പം മത വിദ്യാഭ്യാസം നൽകാനും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരിപാടിയിൽ മണ്ഡലം കെഎംസിസി പ്രസിഡൻ്റ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡൻ്റ് മൊയ്ദീൻ കുട്ടി പൊന്മള, മണ്ഡലം കെഎംസിസി ചെയർമാൻ അബൂബക്കർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മജീദ് ബാവ ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി അശ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.

കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ മൊയ്ദീൻ കുട്ടി പൂവ്വാട്, മൊയ്ദീൻ കോട്ടക്കൽ, ഫൈസൽ എടയൂർ, അബ്ദുൽ ഗഫൂർ കൊൽക്കളം, ഹാഷിം കുറ്റിപ്പുറം, ദിലൈബ് ചാപ്പനങ്ങാടി, നൗഷാദ് കണിയേരി, ഇസ്മായീൽ പൊന്മള, ഫർഹാൻ കാടാമ്പുഴ,  ഫാറൂഖ്  പൊന്മള,  ജംഷീർ കൊടുമുടി, മുഹമ്മദ് കല്ലിങ്ങൽ   തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Most Popular

error: