റിയാദ്: കാടാമ്പുഴയിൽ ബിവറേജസ് ഔട്ട്ലെറ്റ് അനുവദിക്കാനുള്ള നീക്കം സംസ്ഥന സർക്കാർ ഉപേക്ഷിക്കണമെന്ന് സഊദി – മാറാക്കര പഞ്ചായത്ത് കെഎംസിസി എക്സിക്യുട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മദ്യം സർവ്വ തിന്മകൾക്കും കാരണമാണെന്നും അപകടം, അക്രമം, കൊലപാതകം തുടങ്ങി പലതിൻ്റെയും കാരണം മദ്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ദിവസേന നിരവധി ഭക്ത ജനങ്ങൾ സന്ദർശിക്കുന്ന മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴയിൽ ബിവറേജസ് ഔട്ട്ലെറ്റ് അനുവദിക്കാനുള്ള നീക്കം ഉടനെ ഉപേക്ഷിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് നിവേദനം അയക്കാനും യോഗം തീരുമാനിച്ചു.
പുണ്യ മാസമായ റമദാനിൽ പ്രവാസികൾക്കിടയിൽ റിലീഫ് പ്രവർത്തനം നടത്താൻ യോഗം തീരുമാനിച്ചു. അതോടൊപ്പം മാറാക്കര പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്കും മറ്റും ആശ്രയമായ മാറാക്കര സി. എച്ച് സെൻ്ററിന് റമദാനിൽ സാമ്പത്തിക സഹായം നൽകാനും തീരുമാനിച്ചു.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന യോഗം ചെയർമാൻ അലവിക്കുട്ടി മുസ്‌ലിയാർ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സയ്യിദ് ശഖീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. ബഷീർ നെയ്യത്തൂർ പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ നാസർ മക്ക, മൊയ്ദീൻ മേലേതിൽ, കെ. പി മുഹമ്മദ് കുട്ടി, കെ. ടി. എ റസാഖ്, മുഹമ്മദ് ഷാഫി, മുജീബ് റഹ്മാൻ നെയ്യത്തൂർ, എം. എ ഗഫൂർ, ഒ. കെ നജീബ്, ജാബിർ കല്ലൻ, റിയാസ് ആയപ്പളളി, ടി. എ സമദ്, കോർഡിനേറ്റർ നാസർ ഹാജി കല്ലൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി പി. പി മുസ്തഫ സ്വാഗതവും ട്രഷറർ ഫർഹാൻ നന്ദിയും പറഞ്ഞു.