സഊദിയിൽ ഭക്ഷണ ശാലകളിൽ ശുചിത്വ ലംഘനങ്ങൾക്ക് 200 മുതൽ 4,000 റിയാൽ വരെ പിഴ ചുമത്തും

0
657

റിയാദ്:സഊദിയിൽ ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും മുനിസിപ്പൽ ലൈസൻസ് നേടിയില്ലെങ്കിൽ 50,000 റിയാൽ വരെ പിഴ ചുമത്തും. കൂടാതെ
ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെയോ പക്ഷികളെയോ കശാപ്പ് ചെയ്യുന്നതിനും 2000 റിയാൽ പിഴ ചുമത്തും. ഭക്ഷണശാലയിൽ പൂച്ചകളെയോ എലികളെയോ കണ്ടെത്തിയാൽ 2000 റിയാൽ പിഴ ചുമത്തുമെന്നും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.

ലൈസൻസ് കാലാവധി കഴിഞ്ഞതിന് ശേഷം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, ലൈസൻസുള്ളതിന് വിരുദ്ധമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും 5,000 റിയാൽ വരെ പിഴ ചുമത്തും. തെറ്റായ വിവരങ്ങൾ നൽകി ലൈസൻസ് നേടുന്നവർക്കും ഇതേ തുക തന്നെയാണ് പിഴ ചുമത്തുക.

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾകൊണ്ടോ മറ്റോ മുനിസിപാലിറ്റി അടച്ച് പൂട്ടിയ സ്ഥാപനം അടച്ച് പൂട്ടൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും തുറന്ന് പ്രവർത്തിച്ചാൽ 10,000 റിയാൽ വരെ പിഴ ചുമത്തും. പരിശോധനയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വസ്തുക്കൾ അനുമതിയില്ലാതെ നശിപ്പിക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്‌താൽ 5,000 റിയാലും പിഴ ഈടാക്കും.

ശുചിത്വ ലംഘനങ്ങൾക്ക് 200 മുതൽ 4,000 റിയാൽ വരെയാണ് പിഴ. മലിനജലം ചോർന്നൊലിക്കുന്നതിനും സ്ഥാപനത്തിനുള്ളിൽ കവിഞ്ഞൊഴുകുന്നതിനും പരമാവധി പിഴ 4,000 വരെ ഈടാക്കും.

ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ വൃത്തിയാക്കാത്തതിന് 1,000 റിയാലും, ആവശ്യത്തിന് ഉപയോഗിക്കാൻ വെള്ളം ലഭ്യമാക്കാതിരുന്നാലും, ഹോം ഡെലിവറിയുടെ ശുചിത്വം കുറവാണെങ്കിലും 1000 റിയാൽ തന്നെ പിഴയൊടുക്കേണ്ടിവരും.

പരിശോധനാ വ്യവസ്ഥ അനുസരിച്ച് ആവർത്തിച്ചുള്ള നിയമലംഘനത്തിന്റെ പിഴ ഇരട്ടിയാക്കുമെന്ന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ആദ്യത്തെ നിയമലംഘനം മുതൽ 24 മാസം കഴിയുന്നതുവരെ യഥാർത്ഥ പിഴ ഒരിക്കൽ മാത്രമേ ഇരട്ടിയാക്കാവൂ. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.