റിയാദ്: ഫലസ്തീനികൾക്ക് അവരുടേതായ സ്വതന്ത്ര രാഷ്ട്രം ഉണ്ടായിരിക്കണമെന്ന തങ്ങളുടെ ദീർഘകാല നിലപാട് ഉറച്ചതാണെന്നും ചർച്ചകൾക്ക് തയ്യാറല്ലെന്നും സൗദി അറേബ്യ.
എല്ലാ പലസ്തീനികളെയും അവിടെ നിന്ന് കുടിയിറക്കി മറ്റ് രാജ്യങ്ങളിലേക്ക് അയച്ച ശേഷം ഗാസ മുനമ്പിൻ്റെ ഉടമസ്ഥാവകാശം യുഎസിന് വേണമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തിയത്.
ഫലസ്തീൻ വിഷയത്തിൽ തീരുമാനമാകാതെ ഇസ്രയേലുമായി ബന്ധമുണ്ടാകില്ലെന്നും സൗദി വ്യക്തമാക്കി. ജെറുസലേം ആസ്ഥാനമാക്കിയുള്ള പലസ്‌തീൻ രാഷ്ട്രത്തിന് വഴിയൊരുങ്ങിയാൽ മാത്രമേ ഇസ്രയേലുമായി ബന്ധമുണ്ടാവുകയുള്ളൂ. ഈ നിലപാട് സുശക്തമാണെന്നും ഒത്തുതീർപ്പിനോ വിട്ടുവീഴ്ചക്കോ ഇല്ലെന്നും സൗദി വ്യക്തമാക്കി. സൗദി-ഇസ്രയേൽ ബന്ധം ഉടൻ ഉണ്ടാകുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയുടെ മറുപടി.
പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗാസ യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ് പറഞ്ഞത്. ഇസ്രയേൽ ആക്രമണത്തിൽ ഗാസ വാസയോഗ്യമല്ലാതായി മാറിയെന്നും മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞുപോകണമെന്നും ട്രംപ് പറഞ്ഞിരുന്നു.
2024 സെപ്തംബർ 18 ന് ഷൂറ കൗൺസിലിൽ കിരീടാവകാശി നടത്തിയ പ്രസംഗം മന്ത്രാലയ പ്രസ്താവന എടുത്തുപറഞ്ഞു. കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമം സൗദി അറേബ്യ തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.