Friday, 14 February - 2025

മലയാളി നഴ്സിങ് വിദ്യാർഥിനി ബെംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

മുഴപ്പിലങ്ങാട്: ഒന്നാം വർഷ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെയാണ് ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സഹപാഠികൾ ഹരോഹള്ളി പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. കോളജ് അധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് സഹപാഠികളായ വിദ്യാർഥികൾ കോളജിനു മുൻപിൽ പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്.

കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണം എന്നാരോപിച്ച് അനാമികയുടെ ബന്ധുകൾ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു ഹരോഹള്ളി പൊലിസ് കേസെടുത്തു. മുഴപ്പിലങ്ങാട് കുളം കടവിനു സമീപം ഗോകുലത്തിൽ വിനീത്, ഐശ്വര്യ ദമ്പതികളുടെ മകളാണ് അനാമിക. സഹോദരൻ വിനായക്.

Most Popular

error: