റിയാദ്: സൗദിയുടെ ആഭ്യന്തര സ്വകാര്യ വ്യോമ വിപണിയിൽ രാജ്യാന്തര കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി. ഇന്നു മുതൽ വിദേശ സ്വകാര്യ എയർലൈനുകൾക്ക് സൗദിയ്ക്കുള്ളിൽ യാത്രക്കാർക്കായി ചാർട്ടേഡ് വിമാന സർവീസുകൾ നടത്താം. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) ആണ് അനുമതി നൽകിയത്. തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിലായി.
വിദേശ രാജ്യങ്ങളിലെ സ്വകാര്യ ഏവിയേഷൻ കമ്പനികൾക്ക് ഇന്നു മുതൽ സൗദി നഗരങ്ങളിൽ ചാർട്ടേഡ് വിമാന സർവീസ് നടത്താനുള്ള അനുമതി അപേക്ഷ നൽകി തുടങ്ങാം. നോൺ–ഷെഡ്യൂൾഡ് ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർക്കായി സർവീസ് നടത്താൻ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചിരിക്കണം.
സൗദി അറേബ്യയ്ക്കുള്ളിൽ ചാർട്ടേഡ് വിമാനങ്ങൾ പറത്താനുള്ള നിയന്ത്രണങ്ങൾ നീക്കുന്നതായി ജിഎസിഎ ഡയറക്ടർ ജനറൽ എൻജി.ഇംതിയാസ് മൻസാരി വിശദമാക്കി. വ്യോമയാന മേഖലയുടെ റീജനൽ കേന്ദ്രമായി സൗദി അറേബ്യയെ മാറ്റുകയാണ് പുതിയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങളും ലോഞ്ചുകളും തുടങ്ങാനുള്ള പദ്ധതി നടപടികളിലാണ് സൗദി.
ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കുന്നത് വ്യോമ മേഖലയിലെ മത്സരം കൂട്ടാനും വിദേശ നിക്ഷേപം ആകർഷിക്കാനും മാത്രമല്ല പൊതു ഏവിയേഷൻ ഓപ്പറേറ്റർമാർക്ക് കൂടുതൽ ഫ്ളെക്സിബിലിറ്റിയുമാണ് നൽകുന്നത്. സൗദിയിലെ സ്വകാര്യ എയർക്രാഫ്റ്റ് മേഖലയുടെ വളർച്ച 2024 ൽ 24 ശതമാനമായിരുന്നു. മൊത്തം 23,612 വിമാനങ്ങളാണ് എത്തിയത്. ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 9,206 ആയിരുന്നു. 26 ശതമാനമാണ് വളർച്ചാ നിരക്ക്.