Friday, 14 February - 2025

അയൽക്കാരിയായ പുഷ്പയെ കൊല്ലാൻ കഴിയാത്തതിൽ കടുത്ത നിരാശ; ചെന്താമര

പാലക്കാട്: അയൽക്കാരിയായ പുഷ്പയെ കൊല്ലാൻ കഴിയാത്തതിൽ കടുത്ത നിരാശയുണ്ടെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. താൻ നാട്ടിൽ വരാതിരിക്കാൻ പുഷ്പ ഉൾപ്പെടെയുള്ളവർ പൊലീസിൽ നിരന്തരം പരാതി കൊടുത്തിരുന്നെന്ന് ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ചെന്താമര പറഞ്ഞു. ജനുവരി 27ന് പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണു പ്രതിയുടെ വെളിപ്പെടുത്തൽ.

ചെയ്തത് വലിയ തെറ്റാണെന്നും പരോളിന് ശ്രമിക്കില്ലെന്നും പ്രതി പറഞ്ഞു. രാവിലെ ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ആലത്തൂർ കോടതിയിൽ പൊലീസ് നൽകിയ അപേക്ഷയെ തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു പ്രതിയെ വിട്ടുകിട്ടിയത്. വൻ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണു തെളിവെടുപ്പ് നടന്നത്. എട്ടു വാഹനങ്ങളിലായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

ഒരു മണിക്കൂർ നീണ്ട തെളിവെടുപ്പിൽ ഭാവഭേദമൊന്നുമില്ലാതെ കുറ്റകൃത്യം നടത്തിയ രീതിയെക്കുറിച്ചു ചെന്താമര പൊലീസിനോട് വിശദീകരിച്ചു. കൊലപാതകങ്ങൾക്കുശേഷം രക്ഷപ്പെട്ട മലയിലേക്കുള്ള വഴി, ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങൾ, പ്രതിയുടെ വീട്, കൃത്യം നടന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടന്നു. നാളെയും തെളിവെടുപ്പ് തുടരും. പ്രതി ആയുധങ്ങൾ വാങ്ങിച്ച കടകളിലുൾപ്പെടെയാണ് നാളെ തെളിവെടുപ്പ് നടക്കുക.

Most Popular

error: