ഗുജറാത്തില്‍ പരപുരുഷബന്ധം ആരോപിച്ച് വിവാഹിതയായ യുവതിയെ വിവസ്ത്രയാക്കി റോഡിലൂടെ വലിച്ചിഴച്ചു. ദാഹോദ് ജില്ലയിലെ സഞ്ജേലി താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് യുവതിയുമായി സംസാരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കൊലക്കേസ് പ്രതിയായ യുവതിയുടെ ഭർത്താവ് നിലവില്‍ ജയിലിലാണ്. ഭർത്താവ് അറസ്റ്റിലായതിന് ശേഷം യുവതി ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. അവരുമായുള്ള ബന്ധം വഷളായതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോയി.
ഭര്‍ത്താവ് ജയിലിലായ ശേഷം യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. ഭര്‍തൃവീട് ഉപക്ഷിച്ചശേഷം ഇയാളുമായുള്ള ബന്ധം തുടരുകയും ഒടുവില്‍ ഇയാള്‍ക്കൊപ്പം താമസമാക്കുകയും ചെയ്തു. ഇക്കാര്യം ഭര്‍ത്താവിന്‍റെ ബന്ധുക്കളിലൊരാള്‍ നാട്ടിലറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഭര്‍ത്താവിന്‍റെ ബന്ധുക്കളെത്തി യുവതിയെ താമസിക്കുന്നിടത്തു നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു.
പുരുഷന്മാരും സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമുള്‍പ്പടെ 15പേരടങ്ങുന്ന സംഘമാണ് യുവതിയെ മര്‍ദിച്ചത്. തുടര്‍ന്ന് വിവസ്ത്രയാക്കി റോഡിലൂടെ വലിച്ചിഴച്ചു. ആൾക്കൂട്ടത്തിലെ ചിലര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസാണ് അന്വേഷണത്തിലൂടെ യുവതിയെ കണ്ടെത്തിയത്. പൊലീസ് കൗൺസിലിങ് നടത്തിയതിന് ശേഷം യുവതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ട 15 പേരിൽ 12 പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികളില്‍ നാല് പ്രായപൂർത്തിയാകാത്തവരും നാല് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടുന്നുണ്ട്.