ജിദ്ദ: ഗൾഫ്, അറബ് സംഗീത ലോകത്തെ പ്രശസ്തനായ സൗദി സംഗീത സംവിധായകൻ നാസർ അൽ സാലിഹ് (63) അന്തരിച്ചു. ഗൾഫ് സംഗീതത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
സംഗീത ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര 1970 കളിലാണ് ആരംഭിച്ചത്. മുഹമ്മദ് അബ്ദു, നവാൽ, അഹ്‌ലം എന്നിവരുൾപ്പെടെയുള്ള അറബ് ലോകത്തെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരുമായി പ്രവർത്തിച്ചിട്ടുണ്ട്.
അൽ-അഹ്‌സയിൽ ജനിച്ച അൽ സാലിഹ് “ഗൾഫ് സംഗീതത്തിന്റെ ക്യാപ്റ്റൻ” എന്നാണ് അറിയപ്പെട്ടിരുന്നത്. സമകാലിക ഗൾഫ് സംഗീതത്തിൽ ഒരു നാഴികക്കല്ലായി നിലകൊള്ളുന്ന മുഹമ്മദ് അബ്ദു അവതരിപ്പിച്ച “അൽ-അമാകെൻ” അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികളിൽ ഒന്നാണ്.
സഹ്രത്ത് അൽ ഖലീജ് മാസികയുടെ 2007-ലെ മികച്ച അറബ് സംഗീതസംവിധായകനുള്ള അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2018-ൽ ദമാമിലെ സൗദി സൊസൈറ്റി ഫോർ കൾച്ചർ ആൻഡ് ആർട്‌സിലും അലക്സാണ്ട്രിയ രാജ്യാന്തര ഗാനമേളയിലും അദ്ദേഹത്തെ ആദരിച്ചു.