കൊൽക്കത്ത: പിതാവിന്റെ 24കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി പതിനാറുകാരൻ. സംഭവത്തിൽ പതിനാറുകാരന്റെ അമ്മയെയും കൂട്ടാളിയായ 22കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ ഇഎം ബൈപാസ് റോഡിലുള്ള ചായക്കടയിൽ വച്ചായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി ഒൻപതോടെ യുവതി പ്രതിയുടെ പിതാവിനൊപ്പം ചായക്കടയിൽ എത്തിയപ്പോഴാണ് പതിനാറുകാരൻ കൊലപ്പെടുത്തിയത്.
യുവതിയെ ഉടൻതന്നെ എൻആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൂർച്ചയേറിയ ആയുധമാണ് ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിതാവിന്റെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്നാണ് പതിനാറുകാരനും അമ്മയും ചേർന്നു കൊലപാതകത്തിനു പദ്ധതിയിട്ടത്. പിതാവ് ഇവിടെയുണ്ടെന്നു തിരിച്ചറിഞ്ഞത് കാറിന്റെ ജിപിഎസ് പരിശോധിച്ചാണ്. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ആരുടെയും പേര് പുറത്തുവിട്ടിട്ടില്ല.
സംഭവം ഇങ്ങനെ: യുവതിയും പ്രതിയുടെ പിതാവും കാറിൽ ചായക്കടയിൽ എത്തിയതിനു പിന്നാലെ പതിനാറുകാരനും അമ്മയും ഇരുപത്തിരണ്ടുകാരനും മറ്റൊരു കാറിൽ എത്തുകയായിരുന്നു. കാറിലിരുന്ന് ചായ കുടിച്ച യുവതിക്കുനേരെ പാഞ്ഞടുത്ത പതിനാറുകാരൻ ഡോർ തുറന്ന് വലിച്ചിറക്കി കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നാലെയെത്തിയ പ്രതിയുടെ അമ്മയും കൂട്ടാളിയും യുവതിയെ മർദിക്കുകയും ചെയ്തു. അലറിവിളിച്ച്, കുതറിമാറി ഇവരിൽനിന്ന് യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പതിനാറുകാരൻ പിന്നാലെ ചെന്ന് റോഡിലേക്ക് ഇറങ്ങി യുവതിയെ വീണ്ടും കുത്തിവീഴ്ത്തുകയായിരുന്നു.
പ്രദേശവാസികൾ ഉടൻതന്നെ പ്രഗതി മൈതാൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അതേസമയം, പ്രതിയുടെ പിതാവിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. യുവതി മറ്റൊരാളെ വിവാഹം കഴിച്ചിരുന്നതാണെന്ന് അന്വേഷണത്തിൽ മനസ്സിലായതായി പൊലീസ് പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.