ന്യൂഡൽഹി: സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വിളവൈവിധ്യവും കാർഷിക ഉൽപാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനസംവിധാനം മെച്ചെപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. 1.7 കോടി കർഷകർക്ക് പദ്ധതി സഹായകരാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും.
ബിഹാറിനു വേണ്ടി മഖാന ബോർഡ് സ്ഥാപിക്കും. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോർഡിന്റെ ലക്ഷ്യം.
എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും. സെന്റർ ഓഫ് എക്സലൻസ് ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇത്. അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ രാജ്യത്തെ സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും. കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.