ക്ഷേത്രങ്ങളിൽ വിഐപി ദർശനം വേണ്ടെന്ന് സുപ്രീം കോടതി. ഇന്ത്യയിലെ ക്ഷേത്രങ്ങളിലുടനീളം ‘വിഐപി’ ദർശന സൗകര്യം ചോദ്യം ചെയ്ത് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നിർദേശം.
ക്ഷേത്രങ്ങളിൽ ആരേയും വിഐപികളായി പരിഗണിക്കേണ്ടതില്ല. എന്നാൽ വിഷയത്തിൽ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കാനാവില്ലന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളിലെ ഇത്തരം പ്രത്യേക പരിഗണനകൾ ഏകപക്ഷീയമാണെന്ന് നിരീക്ഷിച്ച കോടതി അതാത് സർക്കാരുകൾക്ക് പ്രശ്നം പരിശോധിക്കാമെന്നും വ്യക്തമാക്കി.
സംസ്ഥാനങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ദർശനം ലഭിക്കുന്നതിന് സംസ്ഥാനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ‘സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമം’ കൊണ്ടുവരണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ചിലർക്ക് പ്രത്യേക പരിഗണന നൽകുന്നത് ഏകപക്ഷീയവും സമത്വ തത്വത്തിൻ്റെ ലംഘനവുമാണെന്നും ഹർജിയിൽ പറയുന്നു.
ദർശനത്തിന് മുൻഗണന നൽകുന്നത് ഏകപക്ഷീയമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ ആർട്ടിക്കിൾ 32 പ്രകാരം കോടതിക്ക് നിർദേശങ്ങൾ നൽകാനാവില്ലെന്നും, വിഷയം കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള നയപരമായ കാര്യമാണെന്നും സുപ്രീം കോടതി വിശദീകരിച്ചു.