ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തിൽ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 9.23 കോടി യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
കൊവിഡിന് മുമ്പ് 2018ല്‍ 8.91 കോടി യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. ഈ റെക്കോര്‍ഡും മറികടന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന നേട്ടം നിലനിര്‍ത്തിയിരിക്കുകയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിന്റെ എയര്‍പോര്‍ട്ടാണ് ദുബൈയെന്നും വ്യോമയാന മേഖലയിലെ പുതിയ ലോകമാണിതെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഇമാറാത്തി നിലവാരം അനുസരിച്ച് ആഗോള വ്യോമയാന രംഗം നവീകരിക്കുന്നതിന് അടുത്ത പത്തു വർഷത്തിൽ 12,800 കോടി ദിർഹം നിക്ഷേപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. മൂന്ന് ലക്ഷം വിമാന സർവിസുകളാണ് കഴിഞ്ഞ വർഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്. 106 വിമാനക്കമ്പനികൾ 107 രാജ്യങ്ങളിലെ 272 നഗരങ്ങളിലേക്ക് വിമാന സർവിസുകൾ ദുബൈയിൽ നിന്ന് നടത്തുന്നുണ്ട്.
ഇന്ത്യ, സൗദി അറേബ്യ, യു.കെ, പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് ദുബൈയിൽ നിന്ന് കൂടുതൽ വിമാനങ്ങളും സർവീസ് നടത്തുന്നത്. ഈ വർഷം ജനുവരിയിൽ ആദ്യ 15 ദിവസം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത് 43 ലക്ഷം പേരാണ്. കഴിഞ്ഞ വര്‍ഷം ആദ്യ 11 മാസങ്ങളില്‍ ദുബൈ വിമാനത്താവളം വഴി 1.7 കോടി അന്താരാഷ്ട്ര യാത്രക്കാര്‍ യാത്ര ചെയ്തതായി ദുബൈ എക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിന്റെ ഏറ്റവും പുതിയ ഡേറ്റയില്‍ വ്യക്തമാക്കുന്നു.