കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കുട്ടിയുടെ മുത്തച്ഛന് ജീവിതാവസാനം വരെ തടവ്. വിധിയുടെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മൂന്ന് ജീവപര്യന്തം ശിക്ഷയ്ക്കു പുറമേ പത്തുവര്‍ഷം കൂടി തടവ് കൂടി അനുഭവിക്കണം.
2017ല്‍ പീഡനത്തിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിലാണ് കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടെ വിധി. പൊലീസ് അന്വേഷണത്തിലെ വീഴ്ചയിൽ ഏറെ വിവാദമായ കുണ്ടറ പോക്സോ കേസിൽ പ്രതി കുറ്റക്കാരനെന്ന് രാവിലെ കോടതി വിധിച്ചിരുന്നു.
പത്തും പതിമൂന്നും വയസുളള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തില്‍ മനംനൊന്ത് പത്തു വയസുകാരി തൂങ്ങിമരിച്ചെന്നുമായിരുന്നു കേസ്. ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ല. പോക്സോ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതി ജഡ്ജ് അഞ്ജു മീര ബിർല വിധിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്നും നീതിയുടെ വിജയമാണെന്നും അന്ന് മനോരമ ന്യൂസാണ് വാർത്ത പുറത്തു വിട്ടതെന്നും കുട്ടിയുടെ അച്ഛൻ പ്രതികരിച്ചിരുന്നു.
ആറാം ക്ലാസ് വിദ്യാർഥിനിയെ 2017 ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും പൊലീസ് അന്വേഷണത്തില്‍ വന്‍ വീഴ്ചയുണ്ടായി.
കുട്ടിയുടെ അച്ഛന്‍റെ പരാതി പൊലീസ് അവഗണിച്ചു. കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടിയുടെ അമ്മയുടെ അച്ഛനായ പ്രതി ശ്രമിച്ചിരുന്നു. വിചാരണയ്ക്കിടെ പ്രധാനസാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറിയിരുന്നു.