ചരിത്ര പ്രഖ്യാപനം നടത്തി സഊദി അറേബ്യ; നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ സമഗ്ര ദേശീയ നയം

0
1756

റിയാദ്: നിർബന്ധിത തൊഴിൽ  ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ നയം അവതരിപ്പിച്ച് സൗദി അറേബ്യ. രാജ്യത്ത് എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.

മാനവ വിഭവശേഷി–സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ ദേശീയ നയം പ്രഖ്യാപിച്ചത്. പുതിയ ചരിത്ര പ്രഖ്യാപനത്തോടെ നിർബന്ധിത തൊഴിൽ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര ദേശീയ നയം അവതരിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യം, ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്‍റെ (ഐഎൽഒ) നിർബന്ധിത തൊഴിൽ കൺവൻഷന്‍റെ 2014 ലെ പ്രോട്ടോക്കോൾ അംഗീകരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ആദ്യ രാജ്യം എന്നീ നേട്ടങ്ങളാണ് സൗദിയ്ക്ക് സ്വന്തമായത്.

സൗദിയുടെ സുപ്രധാന നാഴികകല്ലുകളിലൊന്നായി പുതിയ നയം മാറുമെന്ന് വർക്ക് എൺവയൺമെന്റിലെ കൺട്രോൾ ആൻഡ് ഡവലപ്മെന്റ് ഡപ്യൂട്ടി മന്ത്രി സത്താം അൽഹർബി പറഞ്ഞു. രാജ്യത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എല്ലാവർക്കും സുരക്ഷിത സാഹചര്യം സൃഷ്ടിക്കുകയെന്ന കൂട്ടായ ഉത്തരവാദിത്തമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ളതാണ് സമഗ്ര നയം. ഐഎൽഒ, രാജ്യാന്തര സംഘടനകൾ എന്നിവയെല്ലാമായി സഹകരിച്ചാണ് സൗദിയുടെ പ്രവർത്തനം. 2034 ഫിഫ ലോകകപ്പിന്‍റെ ആതിഥേയരാകാൻ തയാറെടുക്കുന്ന സൗദി രാജ്യത്തിന്‍റെ തൊഴിൽ മേഖലയിൽ ഉൾപ്പെടെ സമഗ്ര മാറ്റങ്ങൾക്കുള്ള പരിശ്രമത്തിലാണെന്നതിന്‍റെ സൂചനയാണ് പുതിയ ദേശീയ നയം.