കൊച്ചി: നടി ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ പൊലീസ് നിലപാട് തേടി ഹൈക്കോടതി. എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലല്ലോ എന്നു ചുണ്ടിക്കാട്ടിയാണ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടിയത്. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും. ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ടെലിവിഷൻ ചർച്ചകളിൽ പ്രത്യക്ഷപ്പെട്ട് അഭിപ്രായങ്ങൾ പറഞ്ഞ രാഹുൽ ഈശ്വർ, തനിക്കും തന്റെ കുടുംബത്തിനും കടുത്ത മാനസിക സമ്മര്‍ദമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഹണി റോസ് പ്രതികരിച്ചിരുന്നു. തന്റെ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമായി രാഹുൽ ഈശ്വർ സൈബർ ഇടത്തിൽ ആസൂത്രണം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി കൈക്കൊള്ളുന്നുവെന്നും ഹണി റോസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, മാധ്യമ ചർച്ചകളിലൂടെ ഹണി റോസിനെ അപമാനിച്ചുവെന്ന് കാട്ടി തൃശൂർ സ്വദേശിയും എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു.
ബോബി ചെമ്മണൂർ പ്രതിയായ കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പൊലീസിന്റെ നിലപാട് അറിയട്ടെ എന്നു വ്യക്തമാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷ മാറ്റുകയായിരുന്നു. താൻ ഹണി റോസിനെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് അവരുടെ വസ്ത്രധാരണ രീതിയെ വിമർശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. അത് ഭരണഘടനാപരമായി തനിക്കുള്ള അവകാശമാണ്. ബോബി ചെമ്മണൂർ ചെയ്ത കുറ്റകൃത്യത്തെ ന്യായീകരിച്ചിട്ടില്ല. മാത്രമല്ല, ഇക്കാര്യത്തിൽ ബോബി ചെമ്മണൂർ ഹണി റോസിനോട് മാപ്പു പറയണമെന്നാണ് താൻ പറഞ്ഞത്.
രാജ്യാന്തര തലത്തിലടക്കം ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുന്ന ആളാണ് താൻ. ഇത്തരമൊരു വിഷയമുണ്ടാകുമ്പോൾ മാധ്യമങ്ങൾ തന്നോട് അഭിപ്രായം തേടുന്നത് സ്വാഭാവികമാണ്. അവിടെ തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. അത് ഹണി റോസിനെ ഒരു വിധത്തിലും ആക്ഷേപിച്ചു കൊണ്ടല്ല. മറിച്ച് വസ്ത്രധാരണ രീതിയെ കുറിച്ച് പറഞ്ഞ് ഉപദേശിക്കുക മാത്രമാണ് ചെയ്തത്. ഹണി റോസിനെതിരെ സൈബർ ആക്രമണത്തിന് താൻ ആഹ്വാനം ചെയ്തിട്ടില്ല, ആരേയും പ്രേരിപ്പിച്ചിട്ടുമില്ല. മാത്രമല്ല, അത്തരം സൈബർ ആക്രമണങ്ങൾ ശരിയല്ല എന്ന നിലപാടാണ് തനിക്കുള്ളതെന്നും രാഹുൽ ഈശ്വർ മുൻകൂർ ജാമ്യഹർജിയിൽ വ്യക്തമാക്കി.