Monday, 10 February - 2025

സമകാലിക വിഷയങ്ങളിൽ തെറ്റിദ്ധാരണകള്‍ നീങ്ങി, സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കൾ

മലപ്പുറം: സമകലിക വിഷയങ്ങളിലെ ചില തെറ്റിദ്ധാരണകള്‍ നീക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തിയതായും വരും ദിവസങ്ങളിലും ഇത്തരം ചര്‍ച്ചകള്‍ തുടരുമെന്നും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം,മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍ തുടങ്ങിയവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക  സംഭവവികാസങ്ങളില്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കു വ്യക്തിപരമായി ചില പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതാണ് അകല്‍ച്ചകള്‍ക്കു കാരണമായതെന്നും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നിര്‍ദേശപ്രകാരമായിരുന്നു  പാണക്കാട് വെച്ച് സാദിഖലി തങ്ങളുമായി സംസാരിച്ചത്. പി.കെ കുഞ്ഞലിക്കുട്ടിയും സന്നിഹിതനായിരുന്നു.  

സാദിഖലി ശിഹാബ് തങ്ങള്‍ക്ക് വ്യക്തിപരമായി പ്രയാസമുണ്ടായ പരാമര്‍ശങ്ങളിലായിരുന്നു സിറ്റിങ്. അടുത്തിടെ ഉയര്‍ന്നുവന്ന ചില വിവാദങ്ങളുടെ നിജസ്ഥിതികള്‍ സാദിഖലി തങ്ങളെ ബോധ്യപ്പെടുത്താനായി. പലതും ധാരണ പിശകുകളാണെന്ന് സാദിഖലി തങ്ങള്‍ക്കും ബോധ്യപ്പെട്ടു. നിജസ്ഥിതി തങ്ങളെ ബോധ്യപ്പെടിത്താനായതില്‍ വലിയ സന്തോഷം തോന്നിയെന്നും നല്ലൊരു അന്തരീക്ഷമാണ് ഇതിലൂടെ ഉയര്‍ന്നുവന്നതെന്നും സമസ്ത നേതാക്കള്‍ വിശദീകരിച്ചു. സംഘടനാപരമായ കാര്യങ്ങളില്‍ ഇനി തുടര്‍ ചര്‍ച്ചകളുണ്ടാവും. കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘടനാ രംഗത്ത് ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. മാപ്പു പറയണം, പുറത്താക്കണം തുടങ്ങി ഉയര്‍ന്നുവന്ന കാര്യങ്ങളുടെ നിജസ്ഥിതികളും സാദിഖലി  തങ്ങളെ ബോധ്യപ്പെടുത്തി. സമസ്ത നേതാക്കള്‍ക്ക് എതിരെ ചില മുസ്ലിംലീഗ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശങ്ങള്‍ ഗൗരവത്തോടെയെടുക്കുമെന്നും ഉചിതമായ തീരുമാനങ്ങളുണ്ടാവുമെന്നും സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.

കേക്ക് വിവാദം മാധ്യമ സൃഷ്ടിമാത്രമാണന്നും ആരുമായും അകല്‍ച്ചയുണ്ടാക്കാനായി പ്രസംഗിച്ചിട്ടില്ലന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. അതുമായി ബന്ധപ്പെട്ട് പ്രസംഗങ്ങള്‍ ഇസ്ലാമിക വശങ്ങള്‍ പറയുകയാണ് ചെയ്തത്.  അതുമായി ബന്ധപ്പെട്ട മതവിധികള്‍ ഇസ്ലാമിക പണ്ഡിതന്‍മാര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇനി പുതിയൊരു പ്രതികരണം കൊണ്ടു വന്ന് വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ല. അതേസമയം ചില മാധ്യമങ്ങള്‍ താന്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്ന നിലയിലാണ് അവതരിപ്പിച്ചത്. എന്നാല്‍  കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സമസ്തയുടെ സംഘടനാ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ടന്നും ഇതിനിടയില്‍ വര്‍ഗീയമായ പരാമര്‍ശങ്ങളോ മറ്റോ നടത്തിയതായി തെളയിക്കാന്‍ ആര്‍ക്കും കഴിയില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ചത്തു.

സമസ്തയും മുസ്ലിംലീഗുമായി പ്രശ്‌നങ്ങളില്ല. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇസ്ലാമിക വിഷയങ്ങളില്‍ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ മതപരമായ കാഴ്ച്ചപാടുകള്‍ മുഖം നോക്കാതെ പറയാറുണ്ട്. സി.ഐ.സി ഉള്‍പ്പെടെയുള്ള വിഷയങ്ങളും വരും ചര്‍ചകളില്‍ വിഷയമാവുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി നേതാക്കള്‍ പറഞ്ഞു.

Most Popular

error: