ജിദ്ദ: മക്ക നഗരത്തിന് പുറത്ത് വിശുദ്ധ കഅബയുടെ മുഴുവൻ കിസ്വയുടെയും ആദ്യ പ്രദർശനം ദിരിയ ബിനാലെ ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ വെസ്റ്റേൺ ഹജ് ടെർമിനലിൽ ജനുവരി 25 മുതൽ മേയ് 25 വരെ
നടക്കും.
കിസ്വയുടെ തുടക്കം, ചരിത്രത്തിലുടനീളം അതിന്റെ വികസനം, അതുമായി ബന്ധപ്പെട്ട കലകൾ, കൊത്തുപണികൾ, കരകൗശല വൈദഗ്ധ്യം, വിജ്ഞാനം എന്നിവയെക്കുറിച്ചെല്ലാം സന്ദർശകർക്ക് പഠിക്കാൻ അവസരം നൽകുന്ന രീതിയിലാണ് കിസ്വയുടെ പ്രദർശനം ഒരുക്കുന്നത്. പട്ട്, സ്വർണം, വെള്ളി എന്നിവയുടെ നൂലുകളുള്ള അതിന്റെ നെയ്ത്തിന്റെയും എംബ്രോയ്ഡറിയുടെയും മികച്ച വിശദാംശങ്ങൾ സന്ദർശകർക്ക് മനസ്സിലാക്കാനാവും. പ്രദർശനത്തിനുശേഷം കിസ്വകൾ കിങ് അബ്ദുൽ അസീസ് കോംപ്ലക്സിന്റെ സംരക്ഷണത്തിലേക്ക് തിരികെ നൽകും.
രാജ്യാന്തര കലാസംവിധായകരായ ജൂലിയൻ റാബി, അമിൻ ജാഫർ, അബ്ദുറഹ്മാൻ അസം, സൗദി ആർട്ടിസ്റ്റ് മുഹന്നദ് ഷോനോ എന്നിവരടങ്ങുന്ന ടീമാണ് ബിനാലെക്ക് വേണ്ടി വേദി തയാറാക്കുന്നത്. കഅബയെ പുതപ്പിക്കുന്ന മുഴുവൻ കിസ്വയും ഇതാദ്യമായി ഇപ്രാവശ്യത്തെ ബിനാലെയിൽ പ്രദർശിപ്പിക്കുമെന്ന് ദറഇയ ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു.