ജിദ്ദയിലേക്ക് വലിയ ചലച്ചിത്ര മേളകളിലൊന്നായ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മൂന്നാം ദിവസത്തിലേക്ക്; ജിദ്ദയിലേക്ക് സിനിമാപ്രേമികളുടെ ഒഴുക്ക്

0
132

ജിദ്ദ: ജിസിസിയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിലൊന്നായ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. സൗദിയുടെ വളര്‍ന്നുവരുന്ന സിനിമാ വ്യവസായത്തില്‍ നാഴികക്കല്ലായി മാറുന്ന ഈ മേള ഡിസംബര്‍ 13 വരെയാണ് നടക്കുന്നത്. മലയാളികളടക്കം ആയിരക്കണക്കിന് സിനിമാ പ്രേമികളാണ് ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ അല്‍-ബലദ് ഡിസ്ട്രിക്റ്റില്‍ അരങ്ങേറുന്ന മേളയിലേക്ക് ഒഴുകുന്നത്. വിദേശത്തുനിന്നുള്ള വലിയ തോതിലുള്ള പങ്കാളിത്തവും ഇത്തവണയുണ്ട്.

70-ലധികം രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം ചിത്രങ്ങളാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച സ്ഥലമാണ് മേള നടക്കുന്ന അല്‍-ബലദ് ഡിസ്ട്രിക്റ്റ്. സൗദിയുടെ പൈതൃകവും അന്താരാഷ്ട്ര സിനിമയും തമ്മിലുള്ള സംഗമത്തിന് ബലദ് വേദിയാകുന്നു.

അറബ് ലോകം, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള 16 ഫീച്ചര്‍ ഫിലിമുകളും ഡോക്യുമെന്ററികളും ആനിമേഷന്‍ ചിത്രങ്ങളുമാണ് മേളയിലെ പ്രധാന പുരസ്‌കാരമായ ‘യുസ്ര് അവാര്‍ഡിനായി’ മത്സരിക്കുന്നത്. അഞ്ച് ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘അനോറ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷോണ്‍ ബേക്കറാണ് ഇത്തവണ ജൂറി തലവന്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോക സിനിമാ ഭൂപടത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ റെഡ് സീ ഫിലിം ഫെസ്റ്റിവലിന് സാധിച്ചത് അതിശയകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമകളുടെ പ്രദര്‍ശനത്തിന് മുമ്പ് കാണികളെ അഭിസംബോധന ചെയ്യാന്‍ മിക്ക ചിത്രങ്ങളുടേയും അണിയറ പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. പ്രദര്‍ശനത്തിന് ശേഷം ചോദ്യോത്തരവേളയുമുണ്ട്. ഓരോ ചിത്രത്തിനും വോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ തന്നെ ഇത് ചെയ്യാം.

ബ്രിട്ടീഷ്-യെമനി ബോക്സിംഗ് ഇതിഹാസം പ്രിന്‍സ് നസീം ഹമദിന്റെ ജീവിതകഥ പറയുന്ന ‘ജയന്റ്’ എന്ന ചിത്രത്തോടെയാണ് ഫെസ്റ്റിവലിന് തുടക്കമായത്. റോവന്‍ അഥാലെ സംവിധാനം ചെയ്ത ചിത്രത്തില്‍ അമീര്‍ എല്‍-മസ്രിയാണ് ഹമദായി വേഷമിടുന്നത്. പ്രശസ്ത താരം പിയേഴ്‌സ് ബ്രോസ്‌നന്‍ അദ്ദേഹത്തിന്റെ പരിശീലകനായി എത്തുന്നു. ഈ വേഷത്തിനായി താന്‍ കഠിനമായ പരിശീലനം നടത്തിയെന്നും എട്ട് കിലോയോളം ഭാരം കുറച്ചെന്നും എല്‍-മസ്രി വെളിപ്പെടുത്തി. താന്‍ ഏറെ ആഗ്രഹിച്ചു ചെയ്ത സിനിമയാണിതെന്ന് സംവിധായകന്‍ അഥാലെയും വ്യക്തമാക്കി.

വിന്‍ ഡീസല്‍, അഡ്രിയാന്‍ ബ്രോഡി, സര്‍ മൈക്കിള്‍ കെയ്ന്‍, അന ഡി അര്‍മാസ്, ഐശ്വര്യറായ് തുടങ്ങി ഹോളിവുഡിലെയും ബോളിവുഡിലെയും വന്‍താരനിരയാണ് റെഡ് കാര്‍പെറ്റില്‍ ഇതുവരെ എത്തിയത്. നടി രേഖ, സംവിധായകന്‍ മുസാഫര്‍ അലി, ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് എന്നിവരും വരും ദിവസങ്ങളില്‍ എത്തും. ഉംറാവോ ജാന്‍, ഏര്‍ളി ഡേയ്സ് എന്നീ ഹിന്ദി ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. കലയുടെ ആഗോള ഒത്തുചേരലാണ് ഇവിടെ നടക്കുന്നതെന്ന് നടന്‍ ജിയാന്‍കാര്‍ലോ എസ്പോസിറ്റോ അഭിപ്രായപ്പെട്ടു.

സൗദി സാംസ്‌കാരിക മന്ത്രാലയവും റെഡ് സീ ഫിലിം ഫൗണ്ടേഷനും ചേര്‍ന്നാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ സാംസ്‌കാരിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക പ്രതിഭകളെ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ മേള സംഘടിപ്പിക്കുന്നത്.