പ്രവാസി വ്യവസായിയെ തോക്കിൻ മുനയിൽ തട്ടിക്കൊണ്ടു പോയി

0
222
  • ജിദ്ദയിലെ അൽ റയാൻ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി പി മുഹമ്മദലി എന്ന ആലുങ്ങൽ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടുപോയത്.
  • വി പി മുഹമ്മദലിയെ പിന്നീട് കണ്ടെത്തി

ഒറ്റപ്പാലം | തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി. ഒറ്റപ്പാലത്ത് ഇദ്ദേഹത്തെ തടവിൽ പാർപ്പിച്ച വീട്ടിൽ വെച്ചാണ് കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇപ്പോൾ വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതന്നാണ് വിവരം.

ജിദ്ദയിലെ അൽ റയാൻ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി പി മുഹമ്മദലി എന്ന ആലുങ്ങൽ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കോട്ടിരി പാലത്തിന് സമീപമായിരുന്നു സംഭവം.

കോതകുറിശ്ശിയിലെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ തക്കം നോക്കി വ്യവസായി തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം.

കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി. ഇദ്ദേഹത്തിന്റെ വാഹനം പിന്തുടർന്ന് ഇന്നോവ കാറിൽ എത്തിയ സംഘം കാർ തടഞ്ഞുനിർത്തി തോക്കുചൂണ്ടി മുഹമ്മദലിയെ കാറിൽനിന്ന് ഇറക്കി തങ്ങളുടെ വാഹനത്തിൽ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു.

സംഭവത്തിൽ പൊലീസ് ഇന്നലെ മുതൽത്തന്നെ അന്വേഷണം ഊർജിതമാക്കിയിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തെരച്ചിൽ നടത്തിയിരുന്നത്. തൃശൂർ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.