കൊളംബോ: ഇസ്‌ലാമിനെ അപമാനിച്ചതിനും മതസ്പർദ്ധ പ്രചരിപ്പിച്ചതിനും വിവാദ ബുദ്ധ സന്യാസിക്ക് തടവുശിക്ഷ വിധിച്ച് ശ്രീലങ്ക. രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ഗോതഭയ രാജപക്‌സെയുടെ അടുത്ത ആളായിരുന്ന ഗലഗോദത്തെ ജ്ഞാനസാരയ്ക്കാണ് ശ്രീലങ്കൻ കോടതി ഒമ്പത് മാസം തടവുശിക്ഷ വിധിച്ചത്.
ബുദ്ധസന്യാസിമാരെ വളരെ അപൂർവമായേ ശ്രീലങ്കയിൽ ശിക്ഷിക്കാറുള്ളു. പക്ഷെ ജ്ഞാനസാരയ്ക്ക് ഇത് രണ്ടാം തവണയാണ് തടവുശിക്ഷ വിധിക്കുന്നത്. 2016ൽ നടന്ന സംഭവത്തിനാണ് ബുദ്ധസന്യാസിയെ ശിക്ഷിക്കുന്നത്.
2019ൽ ഇതേ കേസുമായി ബന്ധപ്പെട്ടുണ്ടായ കോടതിയലക്ഷ്യം, ഭീഷണിപ്പെടുത്തൽ കേസിൽ ആറ് മാസം തടവുശിക്ഷ വിധിച്ചെങ്കിലും ജ്ഞാനസാരയ്ക്ക് പ്രസിഡന്റ് മാപ്പ് നൽകി വെറുതെ വിടുകയായിരുന്നു. ആറ് വർഷത്തെ തടവായിരുന്നു അന്ന് വിധിച്ചിരുന്നത്. കൊളംബോ മജിസ്‌ട്രേറ്റ് കോടതിയാണ് പുതിയ ശിക്ഷ വിധിച്ചിരിക്കുന്നത്.
2016ൽ ഒരു വാർത്താ സമ്മേളനത്തിൽ ജ്ഞാനസാര ഇസ്‌ലാമിനെതിരായി രൂക്ഷമായ വിദ്ധ്വേഷ പരാമർശങ്ങൾ നടത്തി. ഇതിനെ അനുബന്ധിച്ച് കഴിഞ്ഞ ഡിസംബറിൽ ജ്ഞാനസാരയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിയമവ്യവസ്ഥയുടെ കീഴിൽ എല്ലാ പൗരന്മാർക്കും വിശ്വാസസ്വാതന്ത്രത്തിന് അവകാശമുണ്ടെന്ന് ശിക്ഷ വിധിച്ച് കോടതി പറഞ്ഞു. തടവ് കൂടാതെ 1,500 ശ്രീലങ്കൻ രൂപ (437 INR) പിഴയും വിധിച്ചിട്ടുണ്ട്. പിഴയടയ്ക്കാതിരുന്നാൽ ഒരു മാസം കൂടി തടവിൽ കഴിയണം.
വിധിക്കെതിരെ ജ്ഞാനസാര ജാമ്യഹരജി സമർപ്പിച്ചെങ്കിലും ശിക്ഷ വിധിക്കുന്നത് വരെ ജാമ്യമനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.