റിയാദ്: ക്രൂഡ് ഓയില്‍ വില കുറയണം എന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. കാരണം, ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. വില കൂടിയാല്‍ സമ്പത്തിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് പോകും. എന്നാല്‍ മറിച്ചാണ് സഊദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ താല്‍പ്പര്യം. ക്രൂഡ് ഓയില്‍ വില കൂടാന്‍ വേണ്ടി പതിനെട്ടടവും അവര്‍ പയറ്റിക്കൊണ്ടിരിക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കൊവിഡ് കാലത്ത് ഇടിഞ്ഞുവീണിരുന്നു ക്രൂഡ് ഓയില്‍ വില. വിപണികള്‍ സജീവമായതോടെ വീണ്ടും വില വര്‍ധിച്ച് ബാരലിന് 70 ഡോളറിന് മുകളില്‍ എത്തിയിട്ടുണ്ട്. ഇനിയും വില കൂടണമെന്നും ബാരലിന് 96 ഡോളര്‍ വരെ എത്തണമെന്നും സൗദി അറേബ്യ താല്‍പ്പര്യപ്പെടുന്നു. ഈ ഘട്ടത്തിലാണ് സൗദി അറേബ്യ എടുത്ത പുതിയ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യയ്ക്ക് മാത്രമല്ല, എണ്ണ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കും വെല്ലുവിളിയാണിത്.
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വില്‍ക്കുന്ന ക്രൂഡ് ഓയിലിന് വില കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് സഊദിയുടെ എണ്ണ കമ്പനിയായ അരാംകോ. ഫെബ്രുവരിയില്‍ നല്‍കുന്ന എണ്ണയ്ക്കാണ് വില വര്‍ധിക്കുക. സൗദിയുടെ എണ്ണ കൂടുതല്‍ വാങ്ങുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. ഇവിടേക്കുള്ള വിതരണത്തില്‍ നിയന്ത്രണം വരുത്തുന്നത് വില കുതിക്കാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിനിടെയാണ് പുതിയ നടപടി.
വില കൂട്ടുക എന്ന ലക്ഷ്യത്തോടെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ക്രൂഡ് വിതരണം കുറയുക കൂടി ചെയ്ത പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടവെയാണ് സഊദി ഏഷ്യയിലേക്കുള്ള എണ്ണയ്ക്ക് വില കൂട്ടിയിരിക്കുന്നത്. അറബ് ലൈറ്റ് ക്രൂഡിന് 60 സെന്റ് ആണ് കൂട്ടിയത്. 10 സെന്റ് കൂട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വന്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായിട്ടാണ് സൗദി അറേബ്യ ഏഷ്യയിലേക്കുള്ള ക്രൂഡിന് വില കൂട്ടിയത്. ഇതിന് മുമ്പുള്ള രണ്ട് മാസവും വില കുറയ്ക്കുകയാണ് ചെയ്തത്. അറബ് ലൈറ്റ് ക്രൂഡിന് പുറമെ മറ്റു ഇനം ക്രൂഡുകളും സൗദി ഏഷ്യയിലേക്ക് വില്‍ക്കുന്നുണ്ട്. അവയുടെ വിലയില്‍ ബാരലിന് 40 മുതല്‍ 60 സെന്റ് വരെയാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്.
റഷ്യയുടെയും ഇറാന്റെയും എണ്ണയ്ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത് വില കൂടാനുള്ള മറ്റൊരു കാരണമാണ്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നതോടെ ചൈനയെ ഒതുക്കാനുള്ള നീക്കങ്ങളും സജീവമാകും. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും രഹസ്യമായി എണ്ണ വാങ്ങുന്ന ചൈനയുടെ നീക്കങ്ങള്‍ തടയാനും ശ്രമം ഉണ്ടായേക്കും. ഇതെല്ലാം വില വീണ്ടും വര്‍ധിക്കാനുള്ള സാഹചര്യമൊരുങ്ങും.
ശുദ്ധീകരണ ശാലകളുടെ അറ്റക്കുറ്റ പണികള്‍ തീര്‍ന്നതിനാല്‍ റഷ്യയിലെ ക്രൂഡ് ഓയിലിന് അവരുടെ രാജ്യത്ത് തന്നെ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റഷ്യയില്‍ നിന്നുള്ള എണ്ണ പഴയത് പോലെ ഇന്ത്യയിലേക്ക് എത്തുന്നില്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ വീണ്ടും ക്രൂഡ് ഓയിലിന് വേണ്ടി സമീപിക്കേണ്ട സാഹചര്യമാണ് ഇന്ത്യയ്ക്കുള്ളത്. ഈ വേളയില്‍ സൗദി വില കൂട്ടിയത് വെല്ലുവിളിയാകും.
ബ്രെന്റ് ക്രൂഡ് ബാരലിന് നിലവില്‍ 76 ഡോളര്‍ ആണ് വില. ക്രൂഡ് ഓയിലിന് ചൈനയില്‍ നിന്നുള്ള ആവശ്യം കുറയുകയും ഇന്ത്യയില്‍ നിന്നുള്ള ആവശ്യം കൂടുകയും ചെയ്തിട്ടുണ്ട്. ഓരോ ദിവസവും 330000 ബാരല്‍ എണ്ണയ്ക്ക് ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ആവശ്യം ഉണ്ടാകുമെന്നാണ് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ ഏജന്‍സി പ്രവചിച്ചിരിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക