Tuesday, 21 January - 2025

പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ്; ഗോവിന്ദൻ, ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളോട് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി

കൊച്ചി: പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളോട് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി നിർദേശം.

തിരുവനന്തപുരം വഞ്ചിയൂർ, സെക്രട്ടറിയേറ്റ്, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിൽ റോഡ് തടസ്സപ്പെടുത്തിയും നടപ്പാതയിൽ സ്റ്റേജ് കെട്ടിയതുമുൾപ്പെടെയുള്ള വിഷയങ്ങളിലെടുത്ത കോടതിയലക്ഷ്യ കേസുകളിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ നിർദേശം. ഫെബ്രുവരി 10ന് ഹൈക്കോടതിയിൽ നേരിട്ടു ഹാജരാകണം. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രി എം. വിജയകുമാർ, എംഎൽഎമാരായ വി. ജോയ്, കടകംപളളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, മുൻ എംപി എ. സമ്പത്ത് തുടങ്ങിയവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിനു പൊലീസ് കേസെടുത്തിരുന്നു.

സെക്രട്ടറിയേറ്റിനു മുന്നിൽ നടപ്പാത അടച്ചു കെട്ടി സമരം നടത്തിയതിനാണ് ജോയിന്റ് കൗൺസിൽ സ്റ്റേറ്റ് സർവിസ് ഓർഗനൈസേഷൻ നേതാക്കളായ കെ.പി. ഗോപകുമാർ, ജയചന്ദ്രൻ കല്ലിങ്ങൽ, ഒ.കെ. ജയകൃഷ്ണൻ, സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർക്കെതിരെ കേസെടുത്തത്.

കൊച്ചിൻ കോർപറേഷനു മുന്നിൽ നടത്തിയ ധർണയുടെ പേരിൽ കോൺഗ്രസ് എംഎൽഎ ടി.ജെ. വിനോദ്, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർക്കെതിരെയും കേസുകളുണ്ട്. ഇവരെല്ലാം കോടതിയിൽ നേരിട്ടു ഹാജരാകണം എന്നാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.  

നേതാക്കൾ ഹാജരാകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്നാണ് കോടതി വ്യക്തമാക്കിയത്. ഇത്തരം വിഷയങ്ങള്‍ ലഘുവായി എടുക്കാൻ പറ്റില്ല. ഇത്തരത്തിൽ റോ‍ഡ് കയ്യേറിയും മറ്റും സമരങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നത്ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ചീഫ് സെക്രട്ടറി, സംസ്ഥാന ഡിജിപി എന്നിവരെ മാത്രം ഒഴിവാക്കുന്നു എന്നും കോടതി വ്യക്തമാക്കി.

Most Popular

error: