ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലത്ത് ബിഎഎംഎസ് വിദ്യാര്‍ത്ഥി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായിരുന്ന എസ് കിരണ്‍കുമാര്‍ സുപ്രീംകോടതിയില്‍.
കേസുമായി ബന്ധപ്പെട്ട് പത്തുവര്‍ഷം തടവിന് ശിക്ഷിച്ച കൊല്ലം അഡീഷണ്‍ സെഷന്‍സ് കോടതിയുടെ വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കിരൺകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിരൺ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ രണ്ടു വർഷമായിട്ടും തീരുമാനമായിട്ടില്ല. ഇതോടെയാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നുമാണ് ഹർജിയിലെ വാദം. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺകുമാർ ഹര്‍ജിയില്‍ വാദിച്ചു.
അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനയാണ് ഹർജി നല്‍കിയിരിക്കുന്നത്. കേസിൽ 2022 മേയിലാണ് കിരണിന് കോടതി 10 വര്‍ഷം തടവും 12.55 ലക്ഷം പിഴയും വിധിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 30 മുതല്‍ ഒരു മാസത്തെ പരോൾ ലഭിച്ച് കിരണ്‍ പുറത്തിറങ്ങിയിരുന്നു.
ഭർതൃപീഡനത്തെ തുടർന്ന് 2021 ജൂണിലാണ് വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിൻ്റെ പീഡനമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം10 ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്തു നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
ഇക്കാര്യം വിസ്മയ മാതാപിതാക്കളോട് സൂചിപ്പിച്ചിരുന്നുവെങ്കിലും ആരും കാര്യമാക്കിയെടുത്തിരുന്നില്ല. ഒടുവിൽ ഭർതൃപീഡനം സഹിക്കവയ്യായെ വിസ്മയ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിന് പിന്നാലെ കിരൺകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.