Tuesday, 21 January - 2025

മോദിയും രാഹുലും ഇന്ന് ‘നേർക്കുനേർ’;’ഭരണഘടന’ ചർച്ചയിൽ ഇരുവരുടെയും പ്രസംഗം ഇന്ന്

ന്യൂഡൽഹി: ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി പാർലമെന്റിൽ ഇന്നലെ തുടങ്ങിയ പ്രത്യേക ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും ഇന്നുണ്ടാകും.

ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിവെച്ച ചർച്ചയിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു. ഭരണഘടനയിൽ തുടങ്ങി കർഷക പ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമർശിച്ച പ്രിയങ്ക പാർലമെൻ്റേറിയൻ എന്ന നിലയിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ കത്തിക്കയറിയിരുന്നു.

രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങൾ ഭരണഘടന ഉറപ്പുവരുത്തുന്നുവെന്നും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തും സംരക്ഷണവും ആകുന്നുവെന്നും പറഞ്ഞാണ് പ്രിയങ്ക പറഞ്ഞുതുടങ്ങിയത്. ആ സുരക്ഷാകവചം തകർക്കാനാണ് കഴിഞ്ഞ പത്ത് വർഷമായി ബിജെപി ശ്രമിക്കുന്നതെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങൾ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. എന്തുകൊണ്ട് ജാതി സെൻസസ് നടപ്പിലാക്കുന്നില്ലെന്നും പ്രിയങ്ക ചോദിച്ചിരുന്നു. കർഷക പ്രക്ഷോഭത്തെയും പ്രിയങ്ക പരാമർശിച്ചിരുന്നു. കർഷകരുടെ സ്വപ്നങ്ങളെ കേന്ദ്രസർക്കാർ തകർക്കുകയാണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

Most Popular

error: