ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടൻ അല്ലു അർജുൻ ജയിൽമോചിതനായി. ഇടക്കാല ജാമ്യം ലഭിച്ചതിന്റെ ഉത്തരവിന്റെ പകർപ്പ് എത്തിച്ചതോടെയാണ് നടന് ജയിൽ മോടചിതനായത്. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ചഞ്ചൽഗുഡ ജയിലിന്റെ പിൻഗേറ്റ് വഴിയാണ് അല്ലു അർജുൻ പുറത്തേക്ക് ഇറങ്ങിയത്.
മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങൾക്കൊടുവിലാണ് ഒരു ദിവസത്തെ ജയിൽ വാസത്തിന് ശേഷം അല്ലു അർജുൻ പുറത്തിറങ്ങിയത്. ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചതോടെയാണ് അല്ലുവിന് ജയിലിൽ നിന്ന് മോചനം ലഭിച്ചത്. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേര്‍ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തെലങ്കാന ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അര്‍ജുൻ ഇന്നലെ കഴിഞ്ഞത്.
താരത്തിന് ഇന്നലെ തന്നെ ഇടക്കാലം ജാമ്യം ലഭിച്ചെങ്കിലും ഹൈക്കോടതിയിൽ നിന്ന് ഉത്തരവിന്റെ പകർപ്പ് ലഭിച്ചിരുന്നില്ല. അതിനാലാണ് മോചനം വൈകിയത്. ആരാധകർ ഇന്നലെ മുതൽ പ്രതിഷേധവുമായി ജയിലിന് മുന്നിൽ തന്നെയുണ്ടായിരുന്നു. കേസിൽ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്ന് ജാമ്യ ഉത്തരവിൽ നിർദ്ദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. 50000 രൂപയും ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ.