Tuesday, 21 January - 2025

ഇനി ആഴ്ചയിൽ മൂന്നു ദിവസം അവധി; ജനസംഖ്യാ പ്രതിസന്ധി മറികടക്കാൻ പുതിയ ‘വിദ്യ’

ടോക്യോ: സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകി ജപ്പാൻ ഭരണകൂടം. രാജ്യത്തെ ജനന നിരക്ക് അപകടകരമാം വിധം കുത്തനെ ഇടിയുന്നതിനിടെയാണു പരിഹാര നടപടികളുടെ ഭാഗമായി പുതിയ തൊഴിൽക്രമം പ്രഖ്യാപിച്ചത്. ടോക്യോ മെട്രോപൊളിറ്റൻ ഭരണകൂടമാണ് പ്രഖ്യാപനം നടത്തിയത്. 2025 ഏപ്രിൽ മുതലാകും പുതിയ നിയമം പ്രാബല്യത്തിൽ വരിക.

പ്രസവം, കുട്ടികളെ വളർത്തൽ ഉൾപ്പെടെയുള്ള ജീവിതത്തിരക്കുകളുടെ പേരിൽ കരിയർ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് നിയമം പുനരാലോചിക്കുന്നതെന്ന് ടോക്യോ ഗവർണർ യൂറികോ കോയ്‌കെ പറഞ്ഞു. രാഷ്ട്രത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തിലാണ് ജനങ്ങളുടെ ജീവിതവും ഉപജീവനമാർഗവും സാമ്പത്തിക സ്ഥിതിയുമെല്ലാം മെച്ചപ്പെടുത്താനും അവർക്കു സംരക്ഷണം നൽകാനുമായി ടോക്യോ ഇപ്പോൾ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമം പ്രകാരം സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ നാലു പ്രവൃത്തി ദിവസങ്ങളായിരിക്കും ഉണ്ടാകുക. മൂന്ന് ദിവസം അവധിയായിരിക്കും. ഇതിനു പുറമെ, എലിമെന്ററി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളുള്ളവർക്ക് തൊഴിൽ സമയവും കുറയ്ക്കും. ശമ്പളം കുറച്ച് കുറഞ്ഞ സമയം ജോലി ചെയ്യുന്ന രീതിയിലേക്കു ഇവരുടെ പ്രവൃത്തി സമയം പുനഃക്രമീകരിക്കും. കൂടുതൽ സമയം കുഞ്ഞുങ്ങൾക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാൻ സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തൊഴിലിനും കുടുംബത്തിനുമിടയിൽ സന്തുലിതാവസ്ഥ കൊണ്ടുവരാൻ പൗരന്മാർക്ക് പ്രോത്സാഹനം നൽകുക കൂടി ഭരണകൂടത്തിന്റെ താൽപര്യമാണ്. 1,60,000ത്തോളം വരുന്ന ടോക്യോ മെട്രോപൊളിറ്റൻ ജീവനക്കാർക്കു പുതിയ നിയമങ്ങളുടെ ഗുണം ലഭിക്കും. ശനി, ഞായർ ദിവസങ്ങൾക്കൊപ്പം ഇനിമുതൽ വെള്ളിയാഴ്ച കൂടി അവധിയായിരിക്കും.

തൊഴിൽ ദിവസം കുറയ്ക്കാനായി ‘4 ഡേ വീക്ക് ഗ്ലോബൽ’ എന്ന പേരിൽ ഒരു എൻജിഒ തന്നെ പ്രവർത്തിക്കുന്നുണ്ട്. 2022ൽ അന്താരാഷ്ട്രതലത്തിലെ വിവിധ കമ്പനികളിൽ നാലു ദിവസം തൊഴിൽ എന്ന പദ്ധതി ഇവർ പരീക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായ 90 ശതമാനം പേരും പുതിയ മാറ്റത്തെ അനുകൂലിച്ചു. ജീവിതത്തിൽ കൂടുതൽ സ്വസ്ഥതയും സന്തോഷവും നൽകുന്നതിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്തിയതായും ഇവർ വെളിപ്പെടുത്തിയിരുന്നു. തൊഴിൽ-കുടുംബ സംഘർഷവും മാനസിക പിരിമുറുക്കവും കുറയ്ക്കാനായെന്നും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണത്തിൽ പങ്കാളികളായ തൊഴിലാളികൾ പുതിയ പരിഷ്‌ക്കാരത്തിന് പത്തിൽ 9.1 മാർക്കും നൽകിയിരുന്നു.

Most Popular

error: