Tuesday, 14 January - 2025

പുഷ്പലത ഖദീജയായി, സുഹൃത്തിനൊപ്പം ജീവിതം; പങ്കാളിയെ നാടുകടത്തിയതോടെ മക്കളുമായി ദുരിതകാലം, പുതുജീവനേകി കെഎംസിസി

ഒളിച്ചോടി റിയാദിലെത്തി ജോലി ചെയ്ത് വരുന്നതിനിടെ മലയാളിയായ മുസ്തഫയെ പരിചയപ്പെടുകയും അയാളുമായി അടുപ്പത്തിലാവുകയും ചെയ്തു

റിയാദ്: വർഷങ്ങളായി ദുരിത ജീവിതം നയിച്ചിരുന്ന ശ്രീലങ്കൻ യുവതിയും മൂന്ന് കുട്ടികളും റിയാദ് വനിത കെ.എം.സി.സിയുടെ കാരുണ്യത്തിൽ നാടണഞ്ഞു. പുഷ്പലത എന്ന ഖദീജയും മക്കളായ മുഹമ്മദ് സിയാൻ (ഏഴ്), മിസ്‌ല ഫർവ്വീൻ (നാല്), അബ്ദുൽ റൈസാൻ (രണ്ട്) എന്നിവരാണ് നാടണഞ്ഞത്. 13 വർഷം മുമ്പ് വീട്ടുജോലിക്കാരിയുടെ വിസയിൽ സൗദി വടക്കൻ അതിർത്തി പട്ടണമായ അൽ ഖുറയ്യാത്തിലെത്തിയ പുഷ്പലത സ്‌പോൺസറുടെ മാനസിക രോഗിയായ ഉമ്മയെ പരിചരിച്ചു വരികയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒന്നര വർഷത്തിന് ശേഷം വീട്ടുകാരുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ  ഒളിച്ചോടി റിയാദിലെത്തുകയും നിയമവിരുദ്ധമായി മറ്റൊരു കമ്പനിയിൽ ജോലി ചെയ്ത്‌ വരികയുമായിരുന്നു.
ഇതിനിടയിൽ മലയാളിയായ മുസ്തഫയെ പരിചയപ്പെടുകയും അയാളുമായി അടുപ്പത്തിലാവുകയും ചെയ്തു. ഇസ്‌ലാം മതം സ്വീകരിച്ച പുഷ്പലത ഖദീജ എന്ന പേര് സ്വീകരിച്ചു.

വ്യാജ രേഖയുണ്ടാക്കി മുസ്തഫയുടെ കൂടെ ജീവിച്ചു വരുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ടായി. കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റുൾപ്പടെ മറ്റു രേഖകളൊന്നും ലഭിച്ചില്ല. ഇതിനിടയിൽ നിയമ വിരുദ്ധമായി റിയാദിലെ ശുമൈസിയിൽ ജോലി ചെയ്ത്‌ വന്നിരുന്ന മുസ്തഫ രണ്ട് വർഷങ്ങൾക്ക് മുമ്പ് പൊലീസ് പിടിയിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തു.

പിന്നീട് അടുത്ത പരിചയക്കാരുടെ സഹായത്തിലാണ് ഖദീജയും കുട്ടികളും കഴിഞ്ഞുപോന്നിരുന്നത്‌. തടവിലാക്കപ്പെട്ട മുസ്തഫയെ തർഹീൽ വഴി നാടുകടത്തുകയും ചെയ്തതോടെ തീർത്തും ഒറ്റപ്പെട്ടുപോയ ഖദീജയുടെയും മക്കളുടെയും വിവരങ്ങളറിഞ്ഞ റിയാദ് കെ.എം.സി.സി വനിത വിങ് പ്രവർത്തകർ അവർക്ക് തണലൊരുക്കുകയായിരുന്നു. അവർ താമസിച്ചിരുന്ന വാടക മുറിയുടെ ഒരു വർഷത്തെ കുടിശിക നൽകുകയും അവർക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകുകയും ചെയ്തു.

ആറ് മാസത്തിന് ശേഷം ഈ വർഷം മെയ് മാസത്തോടെ വാടക നൽകാത്തതിനെറ പേരിലും കെട്ടിട കരാർ ഉടമ തിരികെ വരാത്തതിനാലും വീട്ടുടമസ്ഥൻ ഖദീജയയേയും കുട്ടികളെയും ഇറക്കി വിടുകയായിരുന്നു. ശ്രീലങ്കൻ എംബസിയിൽ അഭയം തേടിയ ഖദീജക്കും കുട്ടികൾക്കും രേഖകളൊന്നും ഇല്ലാത്തതിനാൽ തിരിച്ചയച്ചു. പോവാൻ മറ്റൊരു ഇടമില്ലാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി തെരുവിലലഞ്ഞ ഖദീജയുടെ ദുരിത ജീവിതം കണ്ട് വനിത കെ.എം.സി.സി പ്രസിഡൻറ് റഹ്മത്ത് അഷ്‌റഫും കുടുംബവും അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയായിരുന്നു. കഴിഞ്ഞ എട്ട് മാസമായി സ്വന്തം കൂടപ്പിറപ്പിനെപ്പോലെ അവർ ഖദീജയേയും കുട്ടികളെയും സംരക്ഷിച്ചു.

രേഖകളൊന്നുമില്ലാതിരുന്ന ഖദീജയുടെയും മക്കളുടേയും രേഖകൾ ശരിയാക്കി നാട്ടിലേക്കയക്കുന്നതിന് വേണ്ട നിയമവശങ്ങൾ റിയാദിലെ  സാമൂഹ്യ പ്രവർത്തകനായ സിദ്ധീഖ് തുവ്വൂരുമായി ചർച്ച ചെയ്യുകയും കേസിൽ ഇടപെടാൻ ഖദീജയുടെ കുടുംബത്തിന്റെ സമ്മതപത്രം ആവശ്യമാണെന്ന് സിദ്ധീഖ്‌ അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഖദീജയുടെ കുടുംബവുമായി ബന്ധപ്പെട്ടു.

മകളെയും കുട്ടികളെയും എങ്ങിനെയെങ്കിലും നാട്ടിലേക്കയക്കണമെന്ന കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് കേസിൽ ഇടപെടാനുള്ള കുടുംബത്തിന്റെ അനുമതി പത്രം സിദ്ധീഖ്‌ തുവ്വൂരിന് നൽകുകയും ചെയ്തു. ശ്രീലങ്കൻ എംബസിയിലെ ഉദ്യോഗസ്ഥരുമായി നിരന്തരമുള്ള ഇടപെടലുകളുടെ ശ്രമഫലമായി എട്ട് മാസങ്ങൾക്ക്‌ ശേഷം രേഖങ്ങൾ മുഴുവൻ ശരിയാക്കി ദമാമിലെ സാമൂഹ്യ പ്രവർത്തകരായ വെങ്കിടേഷ്, നവ ,നാസ് വക്കം, എന്നിവരുടെ സഹായത്താൽ എയർപോർട്ട് വഴി കഴിഞ്ഞ ദിവസം യുവതിയേയും കുഞ്ഞുങ്ങളേയും ശ്രീലങ്കയിലേക്ക് യാത്രയാക്കി.

ശ്രീലങ്കൻ എംബസി ഉദ്യോഗസ്ഥനായ  ഹമീദ്, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, സെൻട്രൽ കമ്മിറ്റി ട്രഷററും റഹ്മത്ത് അഷ്‌റഫിന്റെ ഭർത്താവുമായ അഷ്‌റഫ് വെള്ളപ്പാടത് ,അബ്ദു റഹീം ആലുവ, യൂസഫ് പെരിന്തൽമണ്ണ ,ഷംന രഹ്നാസ്, വനിത കെ.എം.സി.സി കമ്മിറ്റി ജനറൽ സെക്രട്ടറി ജസീല മൂസ, മറ്റു ഭാരവാഹികളായ ഹസീന സൈതലവി, നജ്മ ഹാഷിം, തിഫ് ല അനസ്, സബിത മുഹമ്മദലി, സാറ നിസാർ, ഹസ്ബിന നാസർ, ഫസ്‌ന ഷാഹിദ് തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ സഹായ ഹസ്തവുമായി കൂടെയുണ്ടായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: