Thursday, 5 December - 2024

എറണാകുളത്ത് രണ്ടിടങ്ങളിലുണ്ടായ വൻ തീപിടുത്തം: നിയന്ത്രണവിധേയം

എറണാകുളത്ത് വൻ തീപിടുത്തം. പനമ്പള്ളി നഗർ സൗത്ത് പാലത്തിന് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. ഇരുപതോളം ഫയർ യൂണിറ്റുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

എറണാകുളം ജില്ലയിലെയും ആലപ്പുഴ, അരൂർ ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രാത്രി 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ​ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്‍റെ വ്യാപ്തി കൂട്ടി.

അപകടത്തെ തുടർന്ന് സൗത്ത് പാലത്തിൽ ഗതാഗതം ഏറെ നേരം നിരോധിച്ചു. ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. ആളപായമില്ല. സമീപത്തുണ്ടായിരുന്ന 6 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപെടുത്തി. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ട്രയിൻ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് സമീപത്തെ കെട്ടിടങ്ങളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും ഫ്ലാറ്റുകളും ഉള്ള പ്രദേശമാണിത്. സമീപത്ത് കൂടിയാണ് റെയിലും മെട്രോ ലൈനും കടന്നു പോകുന്നത്.

എറണാകുളത്ത് നെടുമ്പാശേരിയിലും അഗ്നിബാധയുണ്ടായി. രാത്രി 12 മണിയോടെ വിമാനത്താവളത്തിന് സമീപമുള്ള ആപ്പിൾ റസിഡൻസിയിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിശമനസേനയെത്തി തീയണച്ചു. 134 മുറികളുള്ള ഹോട്ടലാണിത്. കാർ പാർക്കിംഗ് ഏരിയയിലാണ് അഗ്നിബാധയുണ്ടായത്. ഒരു കാർ പൂർണമായും കത്തി നശിച്ചു.

3 കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ ഹോട്ടലിലെ വൈദ്യുതി പൂർണമായി വിഛേദിച്ച് ലാഡർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ആർക്കും പരിക്കില്ല. ഹോട്ടലിലെ എസിയും മറ്റ് വയറുകളും കത്തിപ്പോയിട്ടുണ്ട്.

Most Popular

error: