തിരുവനന്തപുരം: മകളെ വിവാഹം കഴിച്ചുതരണമെന്ന ആവശ്യം നിരസിച്ചതിന് യുവാവിന്റെ മർദനമേറ്റ് ആശുപത്രിയിലായിരുന്ന ആൾ മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് മരിച്ചത്. ഈ മാസം 17 നായിരുന്നു സംഭവം. പ്രതി മടത്തറ സ്വദേശി രാജീവിനെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു.
ബിജുവിന്റെ വീട്ടിലെത്തിയ രാജീവ് മകളെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജു തയാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാൽ ഇപ്പോള്‍ വിവാഹം നടത്താന്‍ കഴിയില്ലെന്നു ബിജു പറഞ്ഞു. പ്രകോപിതനായ രാജീവ് അവിടെയുണ്ടായിരുന്ന കല്ലു കൊണ്ട് ബിജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബിജു ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് മരിച്ചത്.