കൊച്ചി: രാസലഹരിക്കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് തേടി കോടതി. ഡിസംബർ നാലിനകം റിപ്പോർട്ട് നൽകാൻ പാലാരിവട്ടം പൊലീസിന് കോടതി നിർദ്ദേശം നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് തേടിയത്. സുഹൃത്തുക്കളായ മൂന്ന് യുവതികളടക്കം മറ്റ് ആറ് പേരുടെ മുൻകൂർ ജാമ്യാപേക്ഷയിലും റിപ്പോർട്ട് തേടി.
എൻഡിപിഎസ് നിയമം അനുസരിച്ച് പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തൊപ്പിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷ. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിഹാദും സുഹൃത്തുക്കളും ഒളിവിലാണ്. ഈ മാസം 16-നാണ് നിഹാദിന്റെ തമ്മനത്തെ അപ്പാർട്ടമെന്റിൽ നിന്ന് ഡാൻസഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി രാസലഹരി പിടികൂടിയത്. നിഹാദിന്റെ ഡ്രൈവർ ജാബിറാണ് ലഹരി എത്തിക്കുന്നതിൽ പ്രധാനി.
പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ചുമത്തിയത്. സാമൂഹിക മാധ്യമ ഉപയോക്താക്കളായ യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ളയാളാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന തളിപ്പറമ്പ് സ്വദേശിയായ നിഹാദ്.