ജിദ്ദ: ജിദ്ദ ജിടി റേസിന് ഈ മാസം 29ന് തുടക്കമാകും. 29, 30 തീയതികളിലായി ജിദ്ദ കോർണിഷ് സർക്യൂട്ടിലാണ് റേസ് നടക്കുക. കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സൗദി ഓട്ടമൊബീൽ ആൻഡ് മോട്ടർസൈക്കിൾ ഫെഡറേഷനും സൗദി മോട്ടർസ്‌പോർട്‌സ് കമ്പനിയും ചേർന്നാണ് റേസ് നടത്തുന്നത്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ സർക്യൂട്ടായ ജിദ്ദ കോർണിഷ് സർക്യൂട്ടിലെ റേസിൽ രണ്ട് പ്രധാന മോട്ടർസ്പോർട്ട് റേസുകളും 1,000 കിലോമീറ്ററിന്റേതാണ്. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ സർക്യൂട്ട് റേസാണിത്.
റഫ റേസിങ് ക്ലബ്ബിന്റെ പിന്തുണയുള്ള ജിടി 4 യൂറോപ്യൻ സീരീസിൽ 35 കാറുകളുടെ 250 കിലോമീറ്റർ മത്സരം ഉൾപ്പെടെ നാല് മത്സര വിഭാഗങ്ങളാണുള്ളത്. പോർഷെ, ആസ്റ്റൺ മാർട്ടിൻ, ഫെരാരി, ലംബോർഗിനി, മക്‌ലാറൻ, മെഴ്‌സിഡസ് എഎംജി, ബിഎംഡബ്ല്യു എം സ്‌പോർട്ട്, ഓഡി സ്‌പോർട്ട്, ഫോർഡ് എന്നിവ ഉൾപ്പെടുന്ന മുൻനിര നിർമ്മാതാക്കളാണ് റേസിൽ പങ്കെടുക്കുന്നത്.
കായിക മന്ത്രിയും സൗദി ഒളിംപിക്, പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജ്യത്ത് ആതിഥേയത്വം വഹിക്കുന്ന ആഗോള കായിക മത്സരങ്ങളിൽ എസ്എഎൽ ജിദ്ദ ജിടി റേസ് 2024 ഉൾപ്പെടുത്തുന്നതിൽ അഭിമാനം പ്രകടിപ്പിച്ചു. സൗദി ദർശന രേഖ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി രാജ്യാന്തര ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാനും കായിക മേഖലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനും കഴിഞ്ഞത് രാജ്യത്തിന്റെ നേതൃത്വത്തിന്റെ അചഞ്ചലമായ പിന്തുണ കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് നടക്കുന്ന രാജ്യാന്തര ചാംപ്യൻഷിപ്പുകളുടെ ശ്രേണിയിൽ മോട്ടർസ്‌പോർട്സ് ഇവന്റുകൾ കൂടുതൽ വർധിപ്പിക്കുമെന്ന് സൗദി മോട്ടർസ്‌പോർട്ട് കമ്പനി ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ബിൻ ഫൈസൽ പറഞ്ഞു. മുൻനിര താരങ്ങളെ ആകർഷിക്കുകയും പ്രാദേശികവും ആഗോളവുമായ മാധ്യമ, പൊതുജനശ്രദ്ധ നേടാനും അത്‌ലീറ്റുകളുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ പ്രശസ്തി ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.’ചെങ്കടലിന്റെ മണവാട്ടി’ എന്നറിയപ്പെടുന്ന ജിദ്ദ ഈ ചാംപ്യൻ ഷിപ്പിന് ആതിഥേയത്വം വഹിക്കാനും കായിക മികവിൽ പുതിയ അധ്യായം എഴുതി ചേർക്കാനും ലോകോത്തരനിലവാരത്തിലുള്ള സർക്യൂട്ട് ആണ് സജ്ജീകരിച്ചിരിക്കുന്നത്.