ജോലി ചെയ്യുന്നതിനിടെ ഓഫിസിലിരുന്ന് ‘മയങ്ങിപ്പോയ’ ജീവനക്കാരെ പുറത്താക്കിയ കമ്പനിക്ക് തിരിച്ചടി. ജീവനക്കാരന് 40.78 ലക്ഷം രൂപ (350,000 യുവാന്‍ ) നഷ്ടപരിഹാരം നല്‍കണമെന്നാണ് ചൈനീസ് കോടതിയുടെ വിധി. ജിങ്സു പ്രവിശ്യയിലെ തായ്സിങിലുള്ള രാസ ഫാക്ടറിക്കാണ് കോടതി പിഴ വിധിച്ചത്.
നീണ്ട 20 വര്‍ഷമായി കമ്പനിയിലെ ജീവനക്കാരനായിരുന്ന സാങ് തലേ രാത്രിയിലെ ജോലിഭാരം കാരണമാണ് പിറ്റേന്ന് ഓഫിസിലെ ഡസ്കില്‍ തലവച്ച് ചെറുതായി ഉറങ്ങിയത്. ഡിപാര്‍ട്മെന്റല്‍ മാനേജരായിരുന്നു സാങ്. സാങിന്‍റെ ഉറക്കം സിസിടിവി പിടിച്ചെടുത്തതോടെ ജോലി നഷ്ടമാവുകയായിരുന്നു. ഒരു മണിക്കൂറോളം സാങ് ഉറങ്ങിയെന്നാണ് കമ്പനി കണ്ടെത്തിയത്.
തുടര്‍ന്ന് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയ സാങിനെ പുറത്താക്കാന്‍ തീരുമാനിച്ചു. പിരിച്ചുവിട്ടുള്ള കമ്പനിയുടെ കുറിപ്പ് ഇങ്ങനെയാണ്.. ‘സഖാവ് സാങ്.. നിങ്ങള്‍ കരാര്‍ തൊഴിലാളിയായി 2004ലാണ് സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ജോലി സമയത്ത് ഓഫിസില്‍ കിടന്നുറങ്ങിയ നിങ്ങളുടെ പെരുമാറ്റം കമ്പനിയുടെ അച്ചടക്ക നയങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ തൊഴിലാളി യൂണിയന്‍റെ കൂടി അറിവോടെ നിങ്ങളെ ജോലിയില്‍ നിന്നും പുറത്താക്കുന്നു’.
എന്നാല്‍ കമ്പനിയുടെ ആവശ്യത്തിനായി യാത്ര ചെയ്ത തനിക്ക് , തലേ ദിവസം അര്‍ധരാത്രി പിന്നിട്ട ശേഷം മാത്രമാണ് മടങ്ങിയെത്താന്‍ കഴിഞ്ഞതെന്നും ഇതേത്തുടര്‍ന്നുണ്ടായ ക്ഷീണത്തിലാണ് ഒരു മണിക്കൂര്‍ നേരം വിശ്രമിച്ചതെന്നും സാങ് വിശദീകരണം നല്‍കി. ഇതിന് പുറമെ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ നടപടി കഠിനമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെയും സമീപിച്ചു.
സാങിന്‍റെ വാദം അംഗീകരിച്ച കോടതി സാങിന് നഷ്ടപരിഹാരമായി 40 ലക്ഷത്തിലേറെ തുക നല്‍കാന്‍ വിധിക്കുകയായിരുന്നു. സാങ് ആദ്യമായാണ് ജോലിക്കിടെ ഇരുന്ന് ഉറങ്ങിപ്പോകുന്നതെന്നും, ജോലിക്കിടയില്‍ ഉറങ്ങിയത് കൊണ്ട് കമ്പനിക്ക് സാരമായ നഷ്ടം സംഭവിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.