ന്യൂഡൽഹി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം കഴിക്കാനായി അഞ്ചുവയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഡൽഹി അശോക് വിഹാറിലാണ് സംഭവം. കുട്ടിയെ സ്വീകരിക്കാൻ സുഹൃത്തും കുടുംബവും വിസമ്മതിക്കുകയും വിവാഹം ചെയ്യാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ അമ്മ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി കുട്ടിയെ മരിച്ച നിലയിൽ ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റലിൽ അമ്മ തന്നെയാണ് കൊണ്ടുവന്നത്. കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് അമ്മയെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നതിനിടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
ചോദ്യം ചെയ്യലിനിടെ കുട്ടിയുടെ അമ്മ പൊട്ടിത്തെറിക്കുകയും സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. ആദ്യ ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം യുവതി ഇൻസ്റ്റഗ്രാമിൽ രാഹുൽ എന്നയാളുമായി അടുപ്പത്തിലായിരുന്നതായി പൊലീസ് അറിയിച്ചു.