Thursday, 5 December - 2024

ഭക്ഷണം കഴിച്ചു; പണം ചോദിച്ചപ്പോള്‍ പൊതിരെ തല്ല്; തട്ടുകടയില്‍ അക്രമം

ഇടുക്കി കൂട്ടാറിൽ മദ്യപിച്ചെത്തിയവർ തട്ടുകട ആക്രമിച്ച ശേഷം പണവുമായി കവർന്നൊന്ന് പരാതി. കടയുടമയ്ക്കും ഭാര്യക്കും മർദ്ദനമേറ്റു. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് അന്വേഷണം തുടങ്ങി. നെടുങ്കണ്ടം കമ്പംമെട്ട് അന്തർ സംസ്ഥാന പാതയിൽ കൂട്ടാറിന് സമീപം ഒറ്റക്കിടയിലുള്ള ബിസ്മി തട്ടുകടയിലാണ് ഇന്നലെ രാത്രി മദ്യപസംഘം ആക്രമണം നടത്തിയത്. 

ഭക്ഷണം കഴിച്ചശേഷം പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കടയിലുള്ള സാധനങ്ങൾ അടിച്ചു തകർത്ത രണ്ടംഗസംഘം കടയുടമ നൗഷാദിനെ നിലത്തിട്ട് മർദ്ദിച്ചു. പരുക്കേറ്റ നൗഷാദ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

നൗഷാദിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ റെജീന ബീവിക്കും പരുക്കുണ്ട്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. ആക്രമണത്തിനുശേഷം പണപ്പെട്ടിയിലുണ്ടായിരുന്ന 10,000 ത്തിലധികം രൂപ അക്രമികൾ കവർന്നെന്നാണ് നൗഷാദിന്‍റെ പരാതി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Most Popular

error: