ഗൂഗിള്‍ മാപ്പ് തെറ്റി; പാലത്തില്‍ നിന്ന് കാര്‍ 50 അടി താഴ്ചയിലേക്ക് വീണ് 3 പേര്‍ മരിച്ചു

0
2897

ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചതോടെ കാര്‍ അപകടത്തില്‍പ്പെട്ട് സഹോദരങ്ങളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലാണ് സംഭവം. ബറേലിയില്‍ നിന്ന് ബദൗനിലെ ദത്താഗഞ്ചിലേക്ക് സ‍ഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ഫറൂഖാബാദ് സ്വദേശികളായ വിവേക് കുമാറും സഹോദരന്‍ അമിത്തും സുഹൃത്തുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ കാറോടിച്ചതോടെ നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തിലേക്കാണ് ഇവരെത്തിയത്. പുലര്‍ച്ചെയായതിനാല്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നതും നദിയാണ് മുന്നിലെന്നും കാണാനും കഴിഞ്ഞില്ല. അന്‍പതടി താഴ്ചയിലേക്ക് കാര്‍ മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കി. പ്രളയത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം പാലത്തിന്‍റെ ഒരുഭാഗം പൊളിഞ്ഞുപോയിരുന്നു. ഈ വിവരം ജിപിഎസില്‍ യഥാസമയം ചേര്‍ക്കാതിരുന്നതാണ് അപകടത്തിന് വഴിവച്ചത്. പാലം അപകടാവസ്ഥയിലാണെന്ന് ഡ്രൈവര്‍ അറിഞ്ഞതുമില്ല. 

അധികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്ന് അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തി. പാലം തകര്‍ന്ന് കിടന്നിട്ടും ബാരിക്കേഡുകളോ, അപകട മുന്നറിയിപ്പുകളോ അവിടെ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ തടയണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.