ക്വാലാലംപൂർ: ഗസ്സയിലെ കൂട്ടക്കുരുതിക്ക് ഇസ്രായേലിന് കൂട്ടുനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തിൽ തുടരുന്ന ബഹിഷ്കരണത്തിൽ പൊള്ളിയ സ്റ്റാർബക്സിന് വീണ്ടും തിരിച്ചടി. മലേഷ്യയിൽ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്ലെറ്റുകൾ.
മലേഷ്യൻ വാർത്താമാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. സ്റ്റാർബക്സിന് രാജ്യത്തുള്ള 408 ഔട്ട്ലെറ്റുകളിൽ 50 എണ്ണമാണ് അടച്ചത്. കഴിഞ്ഞവർഷം മലേഷ്യക്കാർ നടത്തിയ ബഹിഷ്കരണമാണ് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ കാരണമാണെന്ന് സമ്മതിക്കാൻ കമ്പനി തയ്യാറായില്ലെങ്കിലും ഗസ-ഇസ്രായേൽ യുദ്ധമാണ് കാരണമെന്ന് സമ്മതിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആഗസ്ത് അവസാനം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കമ്പനിയുടെ വരുമാനത്തിൽ വൻ ഇടിവുണ്ടായതായി പരാമർശമുള്ളത്. ത്രൈമാസ റിപ്പോർട്ടിൽ 72 കോടി 66 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ പറയുന്നത്.
വൻസാമ്പത്തിക നഷ്ടമുണ്ടാകാൻ കാരണമായതിന് പിന്നിൽ മിഡിൽഈസ്റ്റ് സംഘർഷവുമായി ബന്ധമുണ്ട്. എന്നാലും വളരെ കുറച്ച് സ്റ്റോറുകൾ താൽക്കാലികമായി അടക്കേണ്ടിവന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. എന്നാൽ ആർക്കും തൊഴിൽ നഷ്‌ടമാകില്ല, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമാണിത്. അടച്ചുപൂട്ടലുകൾ ഒരു ജീവനക്കാരെയും ബാധിച്ചിട്ടില്ല. അവരെ മറ്റ് സ്റ്റോറുകളിലേക്ക് പുനർനിയമിച്ചിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.