ജെയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരൻ കൊല്ലപ്പെട്ടു

0
16

ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാക്കിസ്ഥാനിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു.

അൻവറിന്റെ മൃതദേഹം പാക്കിസ്ഥാനിലെ ബഹാവൽപുരിലുള്ള ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിൽ ഖബറടക്കുമെന്ന് സംഘടനയുടെ ഔദ്യോഗിക ചാനൽ അറിയിച്ചു. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളായ അൻവർ, ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി കഴിഞ്ഞ വർഷം മസൂദ് അസർ അവകാശപ്പെട്ടിരുന്നു.

ബഹാവൽപുരിലെ ജെയ്‌ഷെ ആസ്ഥാനമായ ജാമിയ മസ്ജിദ് സുബ്ഹാൻ അള്ളാഹിന് നേരെ നടന്ന ആക്രമണത്തിൽ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ, അദ്ദേഹത്തിന്റെ ഭാര്യ, അനന്തരവൾ, അഞ്ച് കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്. 1994ൽ ഇന്ത്യയിൽ അറസ്റ്റിലായ മൗലാന മസൂദ് അസറിനെ ഇന്ത്യൻ വിമാനം റാഞ്ചിയതിനെത്തുടർന്ന് മോചിപ്പിക്കുകയായിരുന്നു. യുഎൻ രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസർ, 2001 ലെ പാർലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം, 2016ലെ പത്താൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്.