ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വാർത്തകളും സമകാലിക സംഭവങ്ങളും പങ്കുവയ്ക്കുന്ന സാധാരണ ഉപയോക്താക്കൾക്കും ഇൻഫ്ലുവൻസർമാർക്കും മേൽ കേന്ദ്രം നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു. ഡിജിറ്റൽ ന്യൂസ് പ്രസാധർക്ക് ബാധകമായ ചട്ടത്തിന്റെ കീഴിലേക്ക് ഇവരെയും കൊണ്ടുവരുന്നത് സംബന്ധിച്ച് കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
2021ലെ ഐടി ചട്ടത്തിലാണ് ഇതുസംബന്ധിച്ച ഭേദഗതി. നിലവിൽ ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങൾക്ക് ബാധകമായ പരാതിപരിഹാര സംവിധാനവും, ഉള്ളടക്കത്തിനു മേലുള്ള തുടർനടപടികളും ഇവരും നേരിടേണ്ടി വരും. പ്രശ്നമുള്ള ഉള്ളടക്കം ഐടി നിയമം അനുസരിച്ച് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് (എംഐബി) ഉത്തരവിടാം. വേണമെങ്കിൽ മുന്നറിയിപ്പ് നൽകാനും, ക്ഷമാപണം ആവശ്യപ്പെടാനും കഴിയും.
ഇത്തരം ഉപയോക്താക്കളെ പ്രസാധകരായി നിയമപരമായി പരിഗണിച്ചിട്ടില്ലെങ്കിലും പ്രസാധകർക്ക് ബാധകമായ നിയന്ത്രണങ്ങൾ വരും. വാർത്താ ഉള്ളടക്കം പങ്കുവയ്ക്കുന്ന സ്വതന്ത്ര യൂട്യൂബ് ചാനലുകൾക്കു പുറമേ സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും ചട്ടം ബാധകമാകും. സർക്കാരുകൾ പുറത്തിറക്കുന്ന ഉത്തരവുകളും മാർഗരേഖകളും നിർബന്ധമായും സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പാലിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.





