കോഴിക്കോട്: അബ്ദുദുറഹീമിൻ്റെ മോചനത്തിന് വേണ്ടി പിരിച്ചത് 47.87 കോടി രൂപയാണെന്ന് റഹീം നിയമസഹായ സമിതി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് റഹീം നിയമസഹായ സമിതി ഇക്കാര്യം അറിയിച്ചത്.
ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. മോചനവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി അപവാദ പ്രചരണം നടത്തുന്നു. ഇത് അടിസ്ഥാന രഹിതമാണ്. റഹീമിന്റെ മാതാവിനും കുടുംബത്തിനും വസ്‌തുതകൾ ബോധ്യപ്പെട്ടെന്നും റഹീമിൻ്റെ മോചനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ട്രസ്റ്റ് പറഞ്ഞു.
മോചനത്തിന് ആവശ്യമായ ദയധനവും അഭിഭാഷകന്റെ ചെലവും അടക്കും 36.27 കോടി രൂപ ഇതോടകം ചെലവിട്ടു. 11.60 കോടി രൂപയാണ് ഇനി ബാക്കിയുള്ളതെന്നും ഇത് എന്തു ചെയ്യണമെന്ന് റഹീം തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്നും റഹീം നിയമസഹായ സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു





