കുട്ടികളുടെ എണ്ണം കൂട്ടണമെന്ന ആഹ്വാനവുമായി തമിഴ്നാട് മുഖ്യമന്ത്രി

0
1593

ചെന്നൈ: കുട്ടികളുടെ എണ്ണം കൂട്ടണമെന്ന ആഹ്വാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ ജനസംഖ്യ കുറയുന്നതിനാൽ ലോക്സഭാ സീറ്റുകൾ നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പരാമര്‍ശം. തിങ്കളാഴ്ച ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് സംഘടിപ്പിച്ച സമൂഹ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പതിനാറും പെറു പെരു വാഴവ് വാഴ്ഗ’ എന്ന തമിഴ് പഴഞ്ചൊല്ലിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്‍റെ പ്രസംഗം. ”പഴയ കാലത്ത് മുതിർന്നവർ നവദമ്പതികൾക്ക് 16 തരം സമ്പത്തും അഭിവൃദ്ധിയും ലഭിക്കട്ടെയെന്ന് അനുഗ്രഹിച്ചിരുന്നു. എന്നാൽ ചിലർ അത് 16 മക്കളാണെന്ന് തെറ്റിദ്ധരിച്ചു.

ഇന്നത്തെ കാലത്ത് 16 ഇനം സ്വത്തിന് പകരം ദമ്പതികള്‍ക്ക് 16 കുട്ടികളുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. ഇന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് നമ്മള്‍ കുട്ടികളുടെ എണ്ണം കുറയ്ക്കണം എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. എന്തുകൊണ്ട് 16 കുട്ടികളെ ജനിപ്പിച്ചുകൂടാ…സ്റ്റാലിന്‍ ചോദിച്ചു.

നേരത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കേണ്ടതിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് നായിഡു പറഞ്ഞത്.

ക്ഷേത്ര പുനരുദ്ധാരണത്തിലും മാനേജ്‌മെൻ്റിലും ഡിഎംകെ സർക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സ്റ്റാലിന്‍ അടിവരയിട്ടു പറഞ്ഞു. ”യഥാർത്ഥ ഭക്തർ ഈ സംരംഭങ്ങളെ പ്രശംസിച്ചു, അതേസമയം ഭക്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവർക്ക് സർക്കാരിൻ്റെ നല്ല പ്രവർത്തനങ്ങൾ സഹിക്കാൻ കഴിയില്ല” തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.