സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ യാത്രയ്ക്കിടെ സര്‍പ്രൈസ് സന്ദര്‍ശനം നടത്തി വീട്ടുകാരെ ഞെട്ടിച്ച് പ്രിയങ്ക ഗാന്ധി. മൈസൂരില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രയിലാണ് കുമാരന്‍കുളം കൊച്ചുത്രേസ്യയുടെ വീട് പ്രിയങ്ക സന്ദര്‍ശിച്ചത്. വീട്ടിലെത്തിയ അതിഥിയെ കൊന്തയും മധുരവും നല്‍കിയാണ് കൊച്ചുത്രേസ്യയും കുടുംബവും സ്വീകരിച്ചത്.
നിമിഷങ്ങള്‍ക്കുള്ളില്‍ വീട്ടുകാരിലൊരാളായി കുടുംബത്തിന്റെ സ്‌നേഹം പ്രിയങ്ക ഏറ്റുവാങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രിയങ്ക ഇന്ന് രാത്രി താമസിക്കുന്ന സപ്ത റിസോര്‍ട്ട് എത്തുന്നതിന് തൊട്ടുമുന്‍പാണ് കൊച്ചുത്രേസ്യയുടെ വീട്. പ്രിയങ്കയെ കാണണമെന്നത് കൊച്ചുത്രേസ്യയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. റോഡിൽനിന്ന് 200 മീറ്ററോളം നടന്നാണ് പ്രിയങ്ക ത്രേസ്യയുടെ വീട്ടിലെത്തിയത്.
ബത്തേരിയിലെ റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽനിന്നവരുമായി സംസാരിക്കാൻ ഇറങ്ങിയതായിരുന്നു പ്രിയങ്ക. ത്രേസ്യയുടെ മകനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിൽനിന്നാണ് പ്രിയങ്ക ത്രേസ്യാമ്മയെ കുറിച്ച് അറിയുന്നത്. തന്റെ അമ്മച്ചിക്ക് പ്രിയങ്കയെ വലിയ ഇഷ്ടമാണെന്നും എന്നാൽ കാലിനു സുഖമില്ലാത്തതിനാൽ റോഡിലേക്കിറങ്ങി വന്ന് കാണാൻ കഴിയില്ലെന്നും പറഞ്ഞതോടെയാണ് പ്രിയങ്ക വീട്ടിലെത്തി ത്ര്യേസ്യയെ കണ്ടത്.
അപ്രതീക്ഷിതമായി പ്രിയങ്കയെ കണ്ടപ്പോള്‍ കൊച്ചുത്രേസ്യ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് പ്രിയങ്ക മടങ്ങിയത്. ജീവിതത്തില്‍ ലഭിച്ച ഭാഗ്യമാണ് പ്രിയങ്കയെ കണ്ടതെന്ന് കൊച്ചുത്രേസ്യ പറഞ്ഞു.