നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ മാത്രം

0
13

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ മാത്രം. വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ നീണ്ട നിര ഇന്ന് പത്രിക നല്‍കും.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ആര്‍ ശ്രീലേഖ എന്നിവരും ഇന്നാണ് പത്രിക സമര്‍പ്പിക്കുക.

അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരന്‍ തുടങ്ങിയവരും ഇന്ന് പത്രിക നല്‍കും. ധര്‍മടം മണ്ഡലം സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. വിമത ശല്യം കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കുന്നത് വൈകിപ്പിച്ചു. ഇതു സ്ഥാനാര്‍ഥികളുടെ പ്രചാരണം ആരംഭിക്കുന്നതിനെ ബാധിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നിര്‍വഹിച്ച് സി പി എമ്മും സി പി ഐയും പ്രചാരണത്തിനിറങ്ങിയതിനാല്‍ ഇടതു മുന്നണി പ്രചാരണത്തില്‍ ഏറെ മുന്നിലെത്തി.

റോഡ് ഷോയും വാദ്യമേളങ്ങളുമായി ശക്തിപ്രകടനം നടത്തിയാണ് പലരും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഒരുങ്ങുന്നത്. മാര്‍ച്ച് 23 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമാണ് പത്രിക സമര്‍പ്പണത്തിന് അവസരമുള്ളത്. മാര്‍ച്ച് 24 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 നാണ്. ഏപ്രില്‍ 9 നാണ് കേരളത്തിലെ വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.