Tuesday, 5 November - 2024

‘ഞാന്‍ കലൈഞ്ജറുടെ കൊച്ചുമകനാണ്, ഒരിക്കലും മാപ്പ് പറയില്ല’; സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് 2023 സെപ്തംബറിൽ പൊട്ടിപ്പുറപ്പെട്ട വിവാദത്തിലേക്ക് നയിച്ചതെന്നും ഡിഎംകെ നേതാവ് കൂട്ടിച്ചേർത്തു. സനാതന ധര്‍മം കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂര്‍ണമായും തുടച്ചുനീക്കപ്പെടേണ്ടതെന്നായിരുന്നു ഉദയനിധിയുടെ വിവാദപ്രസ്താവന.

പെരിയാർ, മുൻ മുഖ്യമന്ത്രി സി.എൻ അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ വീക്ഷണങ്ങളാണ് തന്നിലൂടെ പ്രതിധ്വനിക്കുന്നതെന്ന് തിങ്കളാഴ്ച ഒരു പരിപാടിയിൽ സംസാരിക്കവെ ഉദയനിധി പറഞ്ഞു. ”എന്നാൽ എൻ്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു.

തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള നിരവധി കോടതികളിൽ എനിക്കെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അവർ എന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. പക്ഷേ പറഞ്ഞതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ കലൈഞ്ജറുടെ ചെറുമകനാണ്, മാപ്പ് പറയില്ല” എല്ലാ കേസുകളും നേരിടുമെന്നും ഉദയനിധി പറഞ്ഞു.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.”ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം.

ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്,” എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Most Popular

error: