‘അജിത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ’

0
1281

അവസാന വിക്കറ്റും വീണു, അരങ്ങത്തുനിന്ന് അടുക്കളയിലേക്ക് കളിയാക്കി ജലീലും

മലപ്പുറം: എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ചുമതലയിൽ നിന്നും മാറ്റിയതിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.വി. അൻവർ എംഎൽഎ. ‘‘അജിത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ,പി.വി.അൻവർ,പുത്തൻ വീട്ടിൽ അൻവർ’’ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. എഡിജിപിയുടെ തൊപ്പിയില്ലാത്ത ചിത്രം പങ്കുവച്ചാണ് അൻവറിന്റെ കുറിപ്പ്.

അവസാന വിക്കറ്റും വീണു, അരങ്ങത്തുനിന്ന് അടുക്കളയിലേക്ക് എന്നാണ് കെ.ടി. ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ക്രിക്കറ്റ് സ്റ്റംപ് തെറിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ജലീലിന്റെ പോസ്റ്റ്.

വിവിദങ്ങൾക്കൊടുവിൽ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പൊലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. പകരം ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനെ  ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് ഉൾപ്പെടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളിയിരുന്നു.