കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനാവാദം തെളിയിക്കുന്നതിനെക്കാൾ പ്രോസിക്യൂഷൻ വെല്ലുവിളി നേരിട്ടത് അതിജീവിതയോടു നടൻ ദിലീപിനുണ്ടായിരുന്നതായി പറയുന്ന വ്യക്തിവൈരാഗ്യം സ്ഥാപിക്കാനാണ്.
അതിജീവിത, അവരുടെ ഉറ്റസുഹൃത്തുക്കൾ, സിനിമാരംഗത്തെ ഇരുവരുടെയും സഹപ്രവർത്തകരും പരിചയക്കാരും എന്നിവരുടെ സാക്ഷിമൊഴികളുടെ ബലത്തിലാണ് ദിലീപിന് അതിജീവിതയോടു വൈരാഗ്യമുണ്ടെന്ന വാദം കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചത്.
2012ലെ യൂറോപ്യൻ സ്റ്റേജ് ഷോയ്ക്കായി ഒരുമിച്ചുള്ള യാത്രയിലെയും താരസംഘടനയുടെ സ്റ്റേജ് ഷോയ്ക്കായി കൊച്ചിയിലെ ഹോട്ടലിൽ നടന്ന റിഹേഴ്സൽ ക്യാംപിലെയും സംഭവങ്ങളാണ് വ്യക്തിവിരോധത്തിനു തെളിവായി പ്രോസിക്യൂഷൻ കൊണ്ടുവന്നത്. അതിജീവിത ദിലീപിന്റെ ആദ്യവിവാഹബന്ധം തകർക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ ആദ്യഭാര്യയോടു നടത്തിയെന്ന തെറ്റിദ്ധാരണയാണു ദിലീപിനെ പ്രതികാരദാഹിയാക്കിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
എന്നാൽ, അതിജീവിതയുടെ സുഹൃത്തുക്കൾ അന്വേഷണ ഉദ്യോഗസ്ഥനു നൽകിയ മൊഴികളും കോടതിയിൽ പറഞ്ഞ മൊഴികളും തമ്മിലുള്ള വൈരുധ്യങ്ങൾ അവയുടെ തെളിവുമൂല്യം കുറച്ചു. കോടതിയിൽ പറഞ്ഞ പല കാര്യങ്ങളും ഇവർ പൊലീസിനോട് അന്വേഷണത്തിന്റെ തുടക്കത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ കോടതിയിലെ പുതിയ മൊഴികൾ സ്ഥാപിക്കാനുള്ള തെളിവുകൾ അന്വേഷണസംഘത്തിന്റെ പക്കലുണ്ടായിരുന്നില്ല.





