ലഖ്നൗ: റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡുകൾ സ്ഥാപിച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ ജഖൗറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ മൂന്നിന് രാത്രിയായിരുന്നു സംഭവം. സത്യം യാദവ് (32) എന്നയാളാണ് പിടിയിലായത്.
ഇയാൾ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ ഡെൽവാര റെയിൽവേ സ്റ്റേഷൻ പരിസരത്ത്, പതാൽ എക്സ്പ്രസിൻറെ എഞ്ചിനിൽ കുടുങ്ങി തീപ്പൊരിയുണ്ടായി. ഇത് കണ്ട ഗേറ്റ്മാൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.
അന്വേഷണത്തിൽ സംഭവം നടന്ന പാളത്തിനു സമീപം റെയിൽവേ ജീവനക്കാർ ഇരുമ്പ് ദണ്ഡുകളും മറ്റും സൂക്ഷിക്കുന്ന സ്ഥലമുണ്ടെന്ന് കണ്ടെത്തി. സത്യം യാദവ് അവിടെ നിന്ന് ഇരുമ്പ് ദണ്ഡുകൾ മോഷ്ടിച്ച് മറ്റ് സ്ഥലങ്ങളിൽ വിൽക്കുന്നത് പതിവായിരുന്നു.
ശനിയാഴ്ച യാദവിനെ ജഖോറ പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച ഇരുമ്പ് ദണ്ഡുകളും മറ്റ് സാധനങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രി റെയിൽവേ ട്രാക്കിലൂടെ ഇരുമ്പുദണ്ഡ് മോഷ്ടിച്ചശേഷം നടക്കുകയായിരുന്നെന്ന് യാദവ് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. പെട്ടെന്ന് പതാൽ എക്‌സ്പ്രസ് ട്രെയിൻ വന്നതോടെ ഇരുമ്പ് ദണ്ഡുകൾ റെയിൽവേ ട്രാക്കിലേക്ക് എറിഞ്ഞ് ഓടുകയായിരുന്നുവെന്നാണ് മൊഴി.