ഭാര്യക്കൊപ്പം ഫുഡ് ഡെലിവറി ചെയ്യാനിറങ്ങി സൊമാറ്റോ സിഇഒ

0
1175

ന്യൂഡല്‍ഹി: സൊമാറ്റോയുടെ സഹസ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ ബൈക്കില്‍ ഫുഡ് ഡെലിവറി ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാവിഷയം. തന്റെ എക്സിക്യൂട്ടീവ് കസേര ഒരു ദിവസത്തേക്ക് വിട്ട് ഭാര്യക്കൊപ്പം ഡെലിവെറി ഏജന്റ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു ദീപീന്ദര്‍.

സൊമാറ്റോ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ആഴത്തില്‍ അറിയാനാണ് ദീപീന്ദര്‍ ശ്രമിച്ചത്. സൊമാറ്റോ യൂണിഫോമില്‍ ഗോയലിനൊപ്പം ഭാര്യ ജിയ ഗോയലുമുണ്ടായിരുന്നു. ഫുഡ് ഡെലിവറി ചെയ്യാന്‍ ഇറങ്ങിയ കാര്യം ഗോയല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

ബൈക്കില്‍ പോവുന്നതും മൊബൈല്‍ ഫോണില്‍ നോക്കുന്നതും ഡെലിവറി ലൊക്കേഷനുകള്‍ കണ്ടെത്തുന്നതും വഴിയില്‍ ഉപഭോക്താക്കളുമായി ഇടപഴകുന്നതുമായ നിരവധി ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. ഗോയലിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വന്നു.

ഡെലിവറി ഏജന്റുമാര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കണമെങ്കില്‍ ഗോയല്‍ ഒരു മാസം മുഴുവന്‍ ഈ ജോലി ചെയ്യണമെന്നാണ് ചിലര്‍ പറയുന്നത്. റോഡില്‍ പൊടിയും ട്രാഫിക്കും കാരണം ഏജന്റുമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും കമന്റില്‍ പറയുന്നു.

2008ലാണ് ദീപീന്ദര്‍ ഗോയല്‍ സൊമാറ്റോയുടെ സഹസ്ഥാപകനായത്. കാലക്രമേണ അദ്ദേഹം കമ്പനി ഫുഡ് ഡെലിവറി വ്യവസായത്തിലെ ഒരു പ്രധാനിയായി മാറുകയായിരുന്നു. ഫോര്‍ബ്‌സ് പറയുന്നതനുസരിച്ച് 2024 ഒക്ടോബര്‍ 5 വരെ, ഗോയലിന്റെ ആസ്തി 1.7 ബില്യണ്‍ ഡോളറാണ്.