Saturday, 14 December - 2024

ടിഷ്യൂപേപ്പറിൽ ഒളിപ്പിച്ച് കടത്തിയത് 38 ഐഫോൺ 16 പ്രോ മാക്‌സ്; എയർപോർട്ടിൽ അഞ്ചുപേർ പിടിയിൽ

ന്യൂഡൽഹി: അനധികൃതമായി കടത്തിക്കൊണ്ടുവന്ന പുതുതായി പുറത്തിറക്കിയ 38 ഐഫോൺ 16 പ്രോ മാക്‌സ് പിടിച്ചെടുത്ത് കസ്റ്റംസ്. ഡൽഹി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിലാണ് സംഭവം.

ദുബായിൽ നിന്നും ഹോങ്കോങിൽ നിന്നുമായി എത്തിയ അഞ്ച് പേരാണ് പിടിയിലായത്. ടിഷ്യൂ പേപ്പറിൽ ഒളിപ്പിച്ചാണ് സംഘം ഐ ഫോണുകൾ കൊണ്ടുവന്നത്. കഴിഞ്ഞ മാസമാണ് ആപ്പിൾ ഐ ഫോൺ 16 പ്രോ മാക്സ് പുറത്തിറക്കിയത്.

ദുബായിൽ നിന്നെത്തിയ ഇൻഡിഗോയുടെ 6E–1464 വിമാനത്തിലാണ് 12 ഫോണുകൾ എത്തിച്ചത്. സമാനരീതിയിൽ 26 ഐ ഫോണുകളുമായി ഹോങ്കോങിൽ നിന്നെത്തിയ യുവതിയെയും കസ്റ്റംസ് പിടികൂടി. ഹാൻഡ് ബാഗിനുള്ളിൽ ഒട്ടിച്ചുവച്ച നിലയിലായിരുന്നു ഫോണുകൾ. ടിഷ്യൂ പേപ്പറുകളിൽ ഫോണുകൾ പൊതിഞ്ഞു വച്ചിരിക്കുന്നതിൻറെ ചിത്രവും വാർത്തയും കസ്റ്റംസ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ആഗോളതലത്തിൽ പുറത്തിറക്കിയ ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ നിരയിലെ പ്രീമിയം മോഡലാണ് ഐഫോൺ 16 പ്രോ മാക്‌സ്. ഏറ്റവും വില കൂടിയ ഐഫോൺ 16 മോഡലുകളുടെ 256 ജിബി വേരിയൻ്റിന് 1,44,900 രൂപ മുതലാണ് വില.

കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വാനിറ്റി ബാഗിനുള്ളിൽ ഒളിപ്പിച്ച 26 ഐഫോൺ 16 പ്രോ മാക്‌സ് സ്‌മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തത്. ഐഫോൺ 16 പ്രോ മാക്‌സിന് ദുബായിലും ഹോങ്കോങ്ങിലും വില കുറവാണ്.

ദുബായിൽ 5,099 ദിർഹം (ഏകദേശം 1,15,900 രൂപ)മുതലാണ് ഐ ഫോൺ 16 പ്രോ മാക്സിന് വില ആരംഭിക്കുന്നത്. ഇന്ത്യയിൽ 30000 രൂപ കൂടി കൂടുതലാണ്. ഹോങ്കോങിൽ 1,10,300 ഇന്ത്യൻ രൂപയാണ് പുതിയ മോഡൽ ഐ ഫോണിൻറെ വില. ഇത് ഇന്ത്യൻ വിലയേക്കാൾ 36,400 രൂപ കുറവാണ്.

Most Popular

error: